പാമ്പാട മത്സ്യത്തിന് പിന്നാലെ മുനമ്പം ഹാർബറിൽ ആവേശമായി കണവ; കിലോ 350 രൂപ വില
Mail This Article
വൈപ്പിൻ∙ പാമ്പാട മത്സ്യത്തിന് പിന്നാലെ മുനമ്പം ഹാർബറിന് ആവേശം പകർന്ന് കണവയും എത്തിത്തുടങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായാണ് മോശമല്ലാത്ത തോതിൽ ബോട്ടുകൾക്ക് കണവ കിട്ടുന്നത്. ഇതേ തുടർന്ന് കൂടുതൽ ബോട്ടുകൾ കണവ ലക്ഷ്യമിട്ട് കടലിലേക്ക് തിരിച്ചിട്ടുണ്ട്. വിദേശ വിപണിയിൽ ഏറെ പ്രിയമുള്ള ഇവ കിലോഗ്രാമിന് 350 രൂപ നിരക്കിലാണ് ഹാർബറിൽ വിറ്റു പോകുന്നത്.
ഒരു കിലോഗ്രാം തൂക്കം വരുന്നവ വരെ കൂട്ടത്തിലുണ്ട്. ആഴ്ചകളായി കിട്ടിക്കൊണ്ടിരിക്കുന്ന പാമ്പാട മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞിട്ടുമില്ല. സാമാന്യം വലുപ്പമുള്ളവ തന്നെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തളയൻ എന്നും പേരുള്ള ഇവ കിലോഗ്രാമിന് 130 രൂപയ്ക്കാണ് കച്ചവടം. എങ്കിലും കണവ ലക്ഷ്യമിട്ടാണ് ഇപ്പോൾ ബോട്ടുകൾ പ്രധാനമായും ഇറങ്ങുന്നത്. തളയനും പിന്നാലെ എത്തിയ കണവയ്ക്കും മോശമല്ലാത്ത വില ലഭിക്കുന്നതിനാൽ ട്രോളിങ് നിരോധനത്തിനു ശേഷമുളള സീസണിൽ നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യബന്ധന മേഖലയിലുള്ളവർ.