ഇങ്ങനെ ഇതാദ്യം ! പാചകപ്പുര ഒന്നല്ല, 6 എണ്ണം; പഴയിടത്തിന്റെ ന്യൂ സ്റ്റൈൽ !
Mail This Article
കൊച്ചി∙ മേളകൾ പഴയിടം മോഹനൻ നമ്പൂതിരിക്ക് പുത്തരിയല്ല. പക്ഷേ ഇങ്ങനെ ഇതാദ്യം ! പാചകപ്പുര ഒന്നല്ല, 6 എണ്ണം ! വേദികളുടെ എണ്ണം കൂടിയതോടെ പാചകപ്പുരകളും കൂട്ടി. എല്ലായിടത്തും എങ്ങനെ കണ്ണെത്തുമെന്നായി ചിന്ത. അതിനു പഴയിടം സ്റ്റൈൽ പരിഹാരം. ലൈവ് ക്യാമറ സ്ഥാപിച്ചു. പ്രധാന വേദിയായ മഹാരാജാസ് ഗ്രൗണ്ടിനു സമീപത്തെ പാചകപ്പുരയിലിരുന്നാൽ പഴയിടം നമ്പൂതിരിക്ക് മറ്റിടങ്ങളിലെ സ്ഥിതിയും മനസ്സിലാക്കാം. ദിവസം 20000 പേർക്കാണ് വിവിധ വേദികളിലായി പല നേരത്ത് ഭക്ഷണം നൽകേണ്ടത്. പ്രഭാത ഭക്ഷണം, ഊണ്, വൈകുന്നേരത്തെ കാപ്പി, അത്താഴം എന്നിവ എല്ലാവർക്കും ലഭ്യമാക്കണം. 6 അടുക്കളകളിൽ നിന്ന് 17 വേദികളിലേക്ക് ഇവ കൃത്യമായ സമയത്ത് എത്തിക്കണം. എല്ലാ വേദികളിലേക്കും കൃത്യമായ സമയത്ത് ഭക്ഷണം എത്തിക്കുന്ന തരത്തിലാണ് അടുക്കളകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
കഴിഞ്ഞ വർഷം കായികമേളയിൽ നിന്ന് വിട്ടുനിന്ന് പഴയിടം നമ്പൂതിരി ഒളിംപിക്സ് മാതൃകയിലുള്ള മേള എന്ന് കേട്ടതിനാൽ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ആദ്യമായി നടക്കുന്ന മെഗാ ഇവന്റ് ആയതിനാൽ പരിമിതികളുണ്ടെന്നും അതിന്റേതായ ആശങ്കകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. രാത്രി വൈകിയോളം പാചകപ്പുരയിൽ തന്നെ വിവിധ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന അദ്ദേഹം അതിനൊക്കെ പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്നും പറഞ്ഞു. സ്പോർട്സ് അതോറിറ്റി പറഞ്ഞിട്ടുള്ള വിഭവങ്ങളാണ് പാചകം ചെയ്യുക.