മട്ടാഞ്ചേരിയില്‍ അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം: 2 പേര് പിടിയിൽ
Mail This Article
കൊച്ചി∙ മട്ടാഞ്ചേരി സുജാത റോഡിലുള്ള അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് 6 മാസം മുൻപ് എയർകണ്ടീഷനും ഫാനുകളും ബാത്ത്റൂം പൈപ്പ് ഫിറ്റിംങ്സുകളും മോഷണം പോയ കേസിൽ രണ്ടുപേർ പിടിയിൽ. മട്ടാഞ്ചേരി സ്വദേശികളായ നബീൽ (35), മജീദ് സിറാജ് (34) എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മോഷണം നടന്നത്.
മോഷണം നടന്നതിന് ശേഷം വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ വീണ്ടും മോഷണ ശ്രമം നടത്തിയ പ്രതികളുടെ ദൃശ്യം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളുടെ കുറ്റസമ്മത മൊഴിയിൽ നിന്നും തൊണ്ടിമുതലുകൾ പൊലീസ് കണ്ടെടുത്തു. നബീലിനെ മറ്റൊരു മോഷണ കേസിൽ കഴിഞ്ഞ വർഷം മട്ടാഞ്ചേരി പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മോഷണം നടത്തുകയായിരുന്നു.
മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ പി.ബി.കിരണിന്റെ നിർദേശാനുസരണം, മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.എ.ഷിബിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജിമ്മി ജോസ്, സത്യൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എഡ്വിൻ റോസ്, സുനിൽ, സിവിൽ പൊലീസ് ഓഫിസർമാരായ ബേബിലാൽ, വിനോദ്, നിഖിൽ, ഉമേഷ് ഉദയൻ, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.