അങ്കമാലി ബൈപാസിന് ബജറ്റിൽ പണമില്ല
Mail This Article
അങ്കമാലി ∙ ബജറ്റിൽ അങ്കമാലി ബൈപാസിനെ തഴഞ്ഞു. കിഫ്ബിയിൽ നിന്ന് ഫണ്ട് ലഭിക്കുമെന്ന കാത്തിരിപ്പ് തുടങ്ങിയിട്ടു വർഷങ്ങളേറെയായി. ഫണ്ട് ലഭിച്ചാൽ സ്ഥലം ഏറ്റെടുത്ത് നിർമാണം തുടങ്ങാനാകും. 125 കോടി രൂപയാണു സ്ഥലം ഏറ്റെടുക്കുന്നതിനു ചെലവ് കണക്കാക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾക്കും ഫണ്ട് വേണം. സാമൂഹികാഘാത പഠനം, കൺസൽറ്റേഷൻ, പബ്ലിക് ഹിയറിങ് തുടങ്ങി ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ട്. എന്നാൽ ഫണ്ട് ലഭിക്കാത്തതിനാൽ പദ്ധതി യാഥാർഥ്യമാക്കാൻ കഴിയുന്നില്ല.
ഭൂമി ഏറ്റെടുക്കുന്നതിന് 2020ൽ പൊന്നുംവില ഓഫിസറായി കിഫ്ബി സ്പെഷൽ തഹസിൽദാരെ (എൽ.എ) നിയമിച്ചതാണ്. 2021ൽ സാമൂഹികാഘാത പഠനറിപ്പോർട്ടും വന്നു. 2022ൽ വിദഗ്‌ധ സമിതി യോഗം ചേർന്ന് റിപ്പോർട്ട് വിലയിരുത്തി. പദ്ധതിക്കായി കുടിയൊഴിപ്പിക്കൽ കുറവായതിനാൽ സാമൂഹിക പ്രത്യാഘാതം വളരെ കുറവാണ്.ഏറ്റവും കുറഞ്ഞ സാമൂഹികാഘാതം ഉണ്ടാക്കുന്നതും ചെലവ് കുറഞ്ഞതും നഗരത്തിൽ നിന്ന് ഒഴിഞ്ഞ് ജനവാസ മേഖലയോട് ചേർന്നു പോകുന്ന ഈ പദ്ധതി അങ്കമാലി ടൗണിലെയും പരിസരങ്ങളിലെയും ഗതാഗതക്കുരുക്ക് കുറയ്ക്കും.
എന്നാൽ അങ്കമാലിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ബൈപാസിന് ഫണ്ട് നൽകാതെ തഴയുകയാണ്. അങ്കമാലി രാപകൽ വ്യത്യാസമില്ലാതെ ഗതാഗതക്കുരുക്കിലാണ്. ബൈപാസ് വന്നാൽ ഈ ഗതാഗതക്കുരുക്ക് അഴിക്കാം. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ടൗണിലെ ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളമാണ് കിടക്കേണ്ടി വരുന്നത്.ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ അനിശ്ചിതകാല സത്യഗ്രഹം നടത്തിയിരുന്നു.
അര നൂറ്റാണ്ടായി കാത്തിരുന്ന ബൈപാസിന് ബജറ്റിൽ തുക ഉൾപ്പെടുത്താത്തതിൽ മർച്ചന്റ്സ് അസോസിയേഷൻ യോഗം പ്രതിഷേധിച്ചു. അസോസിയേഷൻ പ്രസിഡന്റ് ജോണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എൻ.വി.പോളച്ചൻ, അസോസിയേഷൻ ജനറൽ സെക്രട്ടറി ബിജു പുപ്പത്ത്, ട്രഷറർ ഡെന്നി പോൾ, ഭാരവാഹികളായ തോമസ് കുര്യാക്കോസ്, ബിനു തര്യൻ, ജോബി ചിറയ്ക്കൽ, ബിജു കോറാട്ടുകുടി എന്നിവർ പ്രസംഗിച്ചു.