വെള്ളമില്ല, കുഴിയും മൂടുന്നില്ല; കൊങ്ങോർപ്പിള്ളിയിൽ ദുരിതം

Mail This Article
ആലങ്ങാട് ∙ വെള്ളവുമില്ല, കുത്തിപ്പൊളിച്ച ഭാഗങ്ങൾ കൃത്യമായി മൂടുന്നുമില്ല. കൊങ്ങോർപ്പിള്ളി നിവാസികൾ ദുരിതത്തിൽ. പൈപ്പ് പൊട്ടിയതോടെ ഒരാഴ്ച മുൻപാണു കൊങ്ങോർപ്പിള്ളി പള്ളിയുടെ മുന്നിൽ റോഡ് കുത്തിപ്പൊളിച്ച് അറ്റകുറ്റപ്പണി തുടങ്ങിയത്. എന്നാൽ ഇതുവരെ വെള്ളമെത്തിയില്ലെന്നു മാത്രമല്ല. കുത്തിപ്പൊളിച്ചിട്ട ഭാഗങ്ങൾ അതേപടി കിടക്കുകയാണ്.കുത്തിപ്പൊളിച്ച റോഡിന്റെ ഒരു വശം കൃത്യമായി മൂടാതെ ഇട്ടതോടെ ഇതുവഴി പോകുന്ന വാഹനങ്ങൾ അപകടത്തിൽപെടുകയാണ്. രാത്രികാലങ്ങളിൽ പരിചയമില്ലാത്ത വാഹനങ്ങൾ പോകുമ്പോഴാണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്.
പലപ്പോഴും ആഴ്ചകൾ നീണ്ടുനിൽക്കുന്ന കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണിവിടം. വെള്ളമില്ലാതായതോടെ പണം നൽകി ടാങ്കറിൽ വെള്ളം വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണു നാട്ടുകാർ. കടുത്ത വേനലിൽ ജനം നെട്ടോട്ടമോടുമ്പോൾ നേരിടേണ്ടി വരുന്ന ഈ ദുരവസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. ജല അതോറിറ്റി അധികൃതരുടെയും കരാറുകാരന്റെയും അനാസ്ഥയാണ് ഇതിനു കാരണമെന്നും എത്രയും വേഗം അറ്റകുറ്റപ്പണി പൂർത്തിയാക്കി കുടിവെള്ളം എത്താനുള്ള നടപടി സ്വീകരിക്കണമെന്നും റോഡ് കൃത്യമായി മൂടണമെന്നുമാണു ജനങ്ങളുടെ ആവശ്യം.