രോഗിയായ മകന് മെഡിക്കൽ ബാഗ് വാങ്ങാൻ പോയ പിതാവ് ബൈക്കപകടത്തിൽ മരിച്ചു

Mail This Article
തൊടുപുഴ ∙ രോഗബാധിതനായ മകന് മെഡിക്കൽ ബാഗ് വാങ്ങാൻ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു ബൈക്കിൽ പോയ ഗൃഹനാഥൻ അപകടത്തിൽ മരിച്ചു. അഞ്ചിരി അള്ളുങ്കൽ ഏബ്രഹാം (വക്കച്ചൻ-54) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ പാലാ ടൗണിൽ കിഴതടിയൂർ റൗണ്ടാനയിലാണ് അപകടം. ഏബ്രഹാം സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഏബ്രഹാമിനെ നാട്ടുകാരും പൊലീസും ചേർന്ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുടലിൽ ഗുരുതര രോഗം ബാധിച്ചു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ മകൻ ജോജി 3 മാസത്തോളം ആശുപത്രിയിലായിരുന്നു. ഇപ്പോൾ വീട്ടിൽ കഴിയുകയാണ്. പ്ലസ് ടു വിദ്യാർഥിയായ ജോജിയുടെ പഠനവും രോഗബാധയെത്തുടർന്നു മുടങ്ങി. വീട് പണയപ്പെടുത്തി ബാങ്കിൽ നിന്നു വായ്പ എടുത്തും മറ്റുള്ളവരുടെ സഹായം കൊണ്ടുമാണ് ഏബ്രഹാം മകന്റെ ചികിത്സയ്ക്കു തുക കണ്ടെത്തിയത്. കൂലിപ്പണിയെടുത്താണ് ഏബ്രഹാം മകന്റെ ചികിത്സയും വീട്ടു ചെലവുകളും നടത്തിയിരുന്നത്.
ഏബ്രഹാമിന്റെ വേർപാടോടെ നിർധന കുടുംബം പ്രതിസന്ധിയിലായി. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. കല്ലാനിക്കൽ പള്ളിയിൽ സംസ്‌കാരം നടത്തി. ഭാര്യ: റോസിലി. മകൾ: ജോയ്‌സി.