ഇനി പ്രളയം കുലുക്കാത്ത ചെറുതോണി പാലം, കരുത്തിന്റെ പഴയ പാലം സാക്ഷി

Mail This Article
ചെറുതോണി ∙ 2018ലെ മഹാപ്രളയത്തിൽ ഇടുക്കി അണക്കെട്ട് തുറന്നപ്പോൾ തകരാർ സംഭവിച്ച ചെറുതോണി പാലത്തിനു പകരം പാലമെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. പാലം നിർമിക്കാൻ ദേശീയപാത വിഭാഗം നേരത്തേ തന്നെ ആലോചിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ വൈകി. ആദ്യ ഘട്ടത്തിൽ 50 കോടി രൂപ മുടക്കുള്ള സിഗ്നേച്ചർ ബ്രിജിനു രൂപരേഖ ഒരുങ്ങിയെങ്കിലും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മാതൃക നിരസിച്ചു. കഴിഞ്ഞ വർഷം അവസാനമാണ് പുതിയ മാതൃക തയാറാക്കി അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചത്. തുടർന്ന് 23.87 കോടി രൂപ അനുവദിച്ചു.
ഇനി പ്രളയം കുലുക്കാത്ത ചെറുതോണി പാലം
പ്രളയത്തെയും പ്രകൃതി ദുരന്തത്തെയും അതിജീവിക്കാനുള്ള ആധുനിക രൂപകൽപനയും മികച്ച നിർമാണ സംവിധാനങ്ങളുമായിരിക്കും പുതിയ പാലം നിർമാണത്തിൽ ഉപയോഗിക്കുക. 40 മീറ്റർ ഉയരത്തിൽ 3 സ്പാനുകളിലായി നിർമിക്കുന്ന പാലത്തിന് 120 മീറ്റർ നീളമുണ്ടാകും. വീതി ഇരുവശങ്ങളിലും നടപ്പാതയുൾപ്പെടെ18 മീറ്റർ. ആധുനിക രീതിയിലുള്ള കൈവരിയും ക്രാഷ് ബാരിയറും ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള ഭാഗവും പ്രത്യേകതകളാണ്. 90 മീറ്റർ വീതമുള്ള 2 അപ്രോച്ച് റോഡുകളും പൂർത്തിയാക്കും. അപ്രോച്ച് റോഡിലും പാലത്തിന്റെ ഇരുവശങ്ങളിലുമായി സോളർ ലൈറ്റുകളും ഉണ്ടാകും. മധുര ആസ്ഥാനമായുള്ള കെഎസ് ആൻഡ് കമ്പനിക്കാണു നിർമാണച്ചുമതല. 2022 ഫെബ്രുവരി 24 ന് മുൻപ് പണി പൂർത്തിയാക്കണം.
കരുത്തിന്റെ പഴയ പാലം സാക്ഷി
കനേഡിയൻ എൻജിനീയറിങ് വിദ്യ പ്രകാരം നിർമിച്ച പാലം കരുത്തിന്റെയും ചെറുത്തു നിൽപിന്റെയും പ്രതീകമായി ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. 1960 കളിൽ ഇടുക്കി ആർച്ച് ഡാമിന്റെ നിർമാണ ആവശ്യത്തിന് നിർമിച്ചതാണിത്. 2018ലെ പ്രളയത്തിൽ സെക്കൻഡിൽ 16 ദശലക്ഷം ലീറ്റർ വെള്ളം കുത്തിയൊഴുകിയെത്തിയിട്ടും ചെറുത്തു നിന്നതു സാങ്കേതിക വിദഗ്ധരെ അദ്ഭുതപ്പെടുത്തി. ഒഴുകിയെത്തിയ കൂറ്റൻ വീട്ടിത്തടിയും, ആന പിടിച്ചാൽ അനങ്ങാത്ത തേക്കിൻ തടിയും വന്നിടിച്ചിട്ടും പാലത്തിനു ക്ഷതമേറ്റില്ല. സബ്മെഴ്സിബിൾ ബ്രിജ് എന്നാണ് എൻജിനീയർമാർ ചെറുതോണി പാലത്തെ വിശേഷിപ്പിക്കുന്നത്. ഇത്തരം പാലങ്ങൾക്കു മുകളിൽ ഒരു മീറ്റർ ഉയരത്തിൽ വെള്ളം ഒഴുകിയാലും ഒന്നും സംഭവിക്കില്ലെന്നാണ് എൻജിനീയർമാരുടെ നിഗമനം. ചെറുതോണി പാലത്തിലൂടെ 3 മീറ്റർ ഉയരത്തിൽ വെള്ളം ഒഴുകിയിരുന്നു. തകർന്ന അപ്രോച്ച് റോഡ് താൽക്കാലികമായി പുനർനിർമിച്ചതോടെ പ്രളയാനന്തരം പാലം തുറന്നു നൽകി.
ജില്ലയുടെ വികസന കുതിപ്പിന് വഴിവയ്ക്കുന്ന നിർമാണമാണിത്. 2014ൽ മൻമോഹൻ സിങ് സർക്കാർ അടിമാലി – കുമളി ദേശീയ പാത പ്രഖ്യാപിച്ചത് ഗ്രാമീണ കാർഷിക, ടൂറിസം മേഖലകളുടെ വികസനം മുന്നിൽ കണ്ടായിരുന്നു. ചെറുതോണി പാലം യാഥാർഥ്യമാകുന്നതോടെ ഇതിലേക്കുള്ള വഴി തുറക്കും.
ഡീൻ കുര്യാക്കോസ് എംപി