88 കോടി ചെലവ്, 13.5 മീറ്റർ വീതി; മലയോര ഹൈവേ ഒന്നാം റീച്ച് അവസാനഘട്ടത്തിൽ
Mail This Article
ഏലപ്പാറ ∙ മലയോര ഹൈവേയുടെ ഒന്നാം റീച്ചിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള 18.3 കിലോമീറ്റർ ആണു വീതി കൂട്ടി നിർമിച്ചിരിക്കുന്നത്. ടാറിങ് പൂർത്തിയാക്കിയ ശേഷം റോഡ് മാർക്കിങ് ആണ് ഇപ്പോൾ നടക്കുന്നത്. കിഫ്ബിയിൽ നിന്ന് 88 കോടി രൂപ ചെലവഴിച്ച് 12 മുതൽ 13.5 മീറ്റർ വരെ വീതിയിലാണു റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.
Read more: 60 ലക്ഷം രൂപയ്ക്ക് ട്രെയിൻ വാടകയ്ക്ക് എടുത്ത് ചെന്നൈയിലേക്ക്; 19 സ്ലീപ്പർ കോച്ചുകൾ, 3 എസി കോച്ച്
ഇരുവശങ്ങളിലും നടപ്പാതയും ഐറിഷ് ഓടയും ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തികളും പണി കഴിപ്പിച്ചിട്ടുണ്ട്. 18.5 കിലോമീറ്ററിനുളളിൽ 91 കലുങ്കുകൾ നവീകരിച്ചു. കിഫ്ബിയുടെ മാനദണ്ഡപ്രകാരം വീതി കൂട്ടുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പല ഘട്ടങ്ങളിലും വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
എന്നാൽ ചർച്ചകൾ വഴി ഇവ പരിഹരിക്കുകയായിരുന്നു. രണ്ടാംഘട്ടത്തിൽ ചപ്പാത്ത് മുതൽ കട്ടപ്പന വരെയാണു മലയോര ഹൈവേ. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും അവസാനഘട്ടത്തിലെത്തി. 2 മാസത്തിനുള്ളിൽ പണികൾ ആരംഭിച്ചേക്കും.