ADVERTISEMENT

മൂന്നാർ ∙ അഞ്ചു വർഷം മുൻപു ലക്ഷങ്ങൾ ചെലവിട്ട് വട്ടവടയിലാരംഭിച്ച സംസ്ഥാനത്തെ ആദ്യ മോഡൽ വില്ലേജിന്റെ നിർമാണം പാതിവഴിയിലുപേക്ഷിച്ചു. 2018 ജൂലൈ 8നാണ് അന്നത്തെ പട്ടികവർഗ വകുപ്പു മന്ത്രിയായിരുന്ന എ.കെ.ബാലൻ സംസ്ഥാനതലത്തിലുള്ള പൈലറ്റ് പദ്ധതിയായ പിന്നാക്ക വിഭാഗങ്ങൾക്കായുള്ള മോഡൽ വില്ലേജിനു തറക്കല്ലിട്ടത്. ഒരു വർഷത്തിനകം നിർമാണം      പൂർത്തിയാക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ലക്ഷങ്ങൾ മുടക്കി മലഞ്ചെരിവിലുള്ള തട്ടുകളായുള്ള ഭൂമിയിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തികളുടെ നിർമാണം മാത്രം നടത്തിയ ശേഷം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 

വട്ടവട - പഴത്തോട്ടം റോഡിലാണ് 12 കോടി രൂപ ചെലവിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള സംസ്ഥാനത്തെ ആദ്യ മോഡൽ വില്ലേജ് നിർമാണമാരംഭിച്ചത്. വട്ടവടയിലെ പിന്നാക്ക വിഭാഗത്തിൽപെട്ടവരുടെ ജീവിതനിലവാരമുയർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി പുതിയ ഗ്രാമം നിർമിച്ചെടുക്കുകയാണു മോഡൽ വില്ലേജിലുടെ ലക്ഷ്യമിട്ടിരുന്നത്. 

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ സ്ഥലത്താണു നിർമാണമാരംഭിച്ചത്. 27 ഹൗസിങ് കോംപ്ലക്സുകളിലായി 108 കുടുംബങ്ങൾക്കുളള വാസസ്ഥലം, വായനശാല, മുതിർന്ന പൗരന്മാർക്കുള്ള ഡേ ഷെൽറ്റർ ഹോം, അങ്കണവാടി, ഷോപ്പിങ് മാൾ, കുട്ടികൾക്കുള്ള കളിസ്ഥലം, പൂന്തോട്ടം, കമ്യൂണിറ്റി ഹാൾ, വായനശാല, 8 പൊതു ശുചിമുറികൾ എന്നിവയായിരുന്നു മോഡൽ വില്ലേജിൽ നിർമിക്കാൻ ലക്ഷ്യമിട്ടിരുന്നത്. 

പരിസ്ഥിതിദുർബല പ്രദേശത്തു മോഡൽ വില്ലേജ് സ്ഥാപിക്കുന്നതിനെതിരെ ആദ്യം മുതൽ തന്നെ പഞ്ചായത്തിലെ പ്രതിപക്ഷകക്ഷികൾ ഉൾപ്പെടെയുള്ളവരും പരിസ്ഥിതി പ്രവർത്തകരും എതിർപ്പുകളുമായി രംഗത്തെത്തിയിരുന്നു. കുത്തനെയുള്ള പ്രദേശത്തു വീടുകൾ നിർമിച്ചാൽ ഭാവിയിൽ അപകടസാധ്യത കൂടുതലാണെന്ന കാരണത്താലാണു പദ്ധതിക്കെതിരെ ഒരുവിഭാഗം രംഗത്തെത്തിയത്. 

പഞ്ചായത്തിൽ പദ്ധതി സ്ഥാപിക്കാനായി മെച്ചപ്പെട്ട സ്ഥലങ്ങൾ പലതും ഉണ്ടെന്നിരിക്കെ, ചില രാഷ്ട്രീയ നേതാക്കളുടെ പിടിവാശി മൂലമാണ് അപകടസാധ്യതയുള്ള മലഞ്ചെരിവിൽ മോഡൽ വില്ലേജ് സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണു നാട്ടുകാരുടെ ആരോപണം. വ്യാപകമായി പരാതികൾ ഉയർന്നതിനെത്തുടർന്നാണു പദ്ധതിയുടെ നിർമാണം പാതിവഴിയിലുപേക്ഷിച്ചത്.

English Summary: The 'model village' of Vattavada abandoned halfway

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com