പ്രതീക്ഷകൾ വിഫലം; അന്ന യാത്രയായി

Mail This Article
കട്ടപ്പന ∙ ജീവന്റെ വഴിതെളിച്ചവരുടെയും മനമുരുകി കേണവരുടെയുമെല്ലാം പ്രതീക്ഷകൾ വിഫലമായി; അന്ന മരിയ യാത്രയായി. കട്ടപ്പന നത്തുകല്ല് പാറയിൽ ജോയിച്ചന്റെ മകൾ അന്ന മരിയ (17) ജീവിതത്തിലേക്കുള്ള വഴിയൊരുക്കാൻ കേരളം കൈകോർത്തതെല്ലാം വെറുതേയായി.
ജൂൺ ഒന്നിനു രാവിലെ 6.15ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ കുർബാനയിൽ പങ്കെടുക്കുന്നതിനിടെയാണു ഹൃദയാഘാതമുണ്ടായി അന്ന ബോധരഹിതയായി വീണത്. ഒപ്പമുണ്ടായിരുന്ന അമ്മ ഷൈനി സിപിആർ നൽകുകയും കാറിൽ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
എത്രയും വേഗം എറണാകുളം അമൃത ആശുപത്രിയിൽ എത്തിക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചതോടെ ആശങ്കയായി. ഗതാഗതക്കുരുക്കായിരുന്നു പ്രധാന പ്രശ്നം. വിവരമറിഞ്ഞ മന്ത്രി റോഷി അഗസ്റ്റിൻ പൊലീസിന്റെ സേവനം ലഭ്യമാക്കി. മന്ത്രിയുടെ പൈലറ്റ് വാഹനങ്ങൾ ആംബുലൻസിനു വഴിയൊരുക്കി മുന്നേ പോയി.
സമൂഹമാധ്യമങ്ങളിലൂടെ ആംബുലൻസ് യാത്രയുടെ വിവരം അറിയിച്ചതോടെ നാട് ഒന്നാകെ അന്നയ്ക്കു വഴിയൊരുക്കി. 2 മണിക്കൂർ 59 മിനിറ്റുകൊണ്ട് കട്ടപ്പനയിൽ നിന്ന് അമൃത ആശുപത്രിയിൽ എത്തിച്ചു. ഡോ.ജഗ്ഗു സ്വാമിയുടെ നേതൃത്വത്തിൽ സജ്ജീകരണങ്ങൾ ഒരുക്കി ചികിത്സ ആരംഭിച്ചു. ജൂലൈയിൽ ചികിത്സ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രി 11.41നു മരിച്ചു.
സംസ്കാരം ഇന്നു 2ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും.അമ്മ ഷൈനി വെട്ടിക്കുഴക്കവല വാലുമ്മേൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: സിസ്റ്റർ അൽവീന (എഫ്‌സിസി, വിജയവാഡ), ആൻലിയ (കാനഡ), അൽഫോൻസ.
കോളജിലേക്ക് പോകാനൊരുങ്ങിയ ദിവസത്തെ യാത്ര
കട്ടപ്പന∙ ഉപരിപഠനത്തിനു പ്രവേശനം നേടാൻ കോളജിലേക്കു പോകാനിരുന്ന ദിവസമാണ് അന്നയ്ക്കു ഹൃദയാഘാതമുണ്ടായത്. പ്ലസ്ടു പൂർത്തിയാക്കിയശേഷം അന്ന തൃശൂരിൽ ജർമൻ ഭാഷ പഠിക്കാൻ ചേർന്നിരുന്നു. കുട്ടിക്കാനം മരിയൻ കോളജിൽ ബിസിഎ പ്രവേശനം നേടാൻ അവസരമൊരുങ്ങിയതോടെ തൃശൂരിൽ നിന്നു നാട്ടിലേക്കു മടങ്ങി. ഇതിനിടെ, അച്ഛന്റെ അമ്മ മരിച്ചത് വേദനയായി. മേയ് 31നു സംസ്‌കാരച്ചടങ്ങ് നടന്നു. ജൂൺ ഒന്നിനു നടന്ന കുർബാനയിൽ പങ്കെടുത്തശേഷം ഉച്ചയോടെ കോളജിലെത്തി പ്രവേശനം നേടാനായിരുന്നു തീരുമാനം.
നാട് തേങ്ങി; അച്ചു അവർക്ക് അത്രമേൽ പ്രിയപ്പെട്ടവൾ...
കട്ടപ്പന ∙ വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവളായ അന്ന മരിയ (അച്ചു) നിശ്ശബ്ദയായി പാറയിൽ വീട്ടിലേക്ക് അവസാനമായി വന്നപ്പോൾ കണ്ണീരുമായി നൂറുകണക്കിനു നാട്ടുകാർ കാത്തുനിന്നു. നിറഞ്ഞ പുഞ്ചിരിയോടെ മാത്രം എല്ലാവരോടും സംസാരിച്ചിരുന്ന അച്ചു അവർക്കെല്ലാം അത്രയ്ക്കു പ്രിയപ്പെട്ടവളായിരുന്നു. അച്ചു ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. അതിനായുള്ള ആയിരങ്ങളുടെ പ്രാർഥനകൾ വിഫലമാക്കുന്ന വാർത്തയാണ് വെള്ളിയാഴ്ച രാത്രിയെത്തിയത്. വൈകിട്ടു നാലോടെയാണു മൃതദേഹം വീട്ടിലെത്തിച്ചത്.
ഞങ്ങൾ തോറ്റുപോയി; ആ പാച്ചിൽ വെറുതേയായല്ലോ...
കട്ടപ്പന ∙ ‘‘ചേട്ടായിയാണോ എന്നെ ആശുപത്രിയിൽ കൊണ്ടുപോയത്? ഇങ്ങനെയൊരു ചോദ്യവുമായി അച്ചുമോൾ ഒരുദിവസം എത്തുമെന്നാണു കരുതിയത്. ഇനി അതുണ്ടാകില്ലെന്നു വിശ്വസിക്കാൻ പറ്റുന്നില്ല’’-കട്ടപ്പനയിൽ നിന്ന് അന്ന മരിയയെ എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ച ആംബുലൻസിന്റെ ഡ്രൈവർ മണിക്കുട്ടനു വാക്കുകൾ ഇടറി. മണിക്കുട്ടനും നഴ്സുമാരായ ടിൻസ് ഏബ്രഹാമും ബിബിൻ ബേബിയും സഹ ഡ്രൈവർ തോമസ് ദേവസ്യയും ഉൾപ്പെട്ട സംഘമാണ് അന്നയെ എറണാകുളത്ത് എത്തിച്ചത്.
‘‘ ഒരു രോഗിയെ കോട്ടയത്ത് എത്തിച്ചു മടങ്ങിയെത്തി വിശ്രമിക്കുമ്പോഴാണ് അന്ന മരിയയെ കൊണ്ടുപോകാനുള്ള വിളിയെത്തിയത്. വഴിയൊരുങ്ങിക്കിട്ടിയതിനാൽ കഴിയുന്നത്ര വേഗത്തിൽ അമൃത ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഓരോ ദിവസവും ആരോഗ്യസ്ഥിതി ബന്ധുക്കളോട് അന്വേഷിച്ചു.
വെള്ളി പുലർച്ചെ 2നു ഫോണിൽ വിളിച്ചവർ അച്ചു പോയെന്നു പറഞ്ഞപ്പോൾ തകർന്നു. മൂന്നു വർഷമായി ആംബുലൻസ് ഓടിക്കുന്നുണ്ടെങ്കിലും ഇത്തരമൊരു അനുഭവം മുൻപ് ഉണ്ടായിട്ടില്ല. മോർച്ചറിയിൽ നിന്ന് ആ കുഞ്ഞിനെ വീട്ടിൽ എത്തിക്കുന്നതുവരെ ഒപ്പം പോയി. പറ്റുന്നതു പോലെ ശ്രമിച്ചിട്ടും ശരിക്കും ഞങ്ങൾ തോറ്റുപോയി... മണിക്കുട്ടന്റെ കണ്ണുകൾ ഈറനണിഞ്ഞു.