കാട്ടാനകൾ റോഡിലുണ്ട്, യാത്രക്കാർ സൂക്ഷിക്കുക; തമിഴ്നാട് ചെക്ക്പോസ്റ്റ് ഒന്നരക്കൊമ്പൻ ഭാഗികമായി തകർത്തു
![കഴിഞ്ഞദിവസം ചിന്നാർ ഒമ്പതാറ് റോഡ് മുറിച്ചു കടക്കുമ്പോൾ വാഹനം നിർത്തി പുറത്തിറങ്ങി കാണുന്ന വിനോദസഞ്ചാരികൾ. ഒറ്റയാൻ വാഹനത്തിനു നേർക്ക് പാഞ്ഞടുക്കുന്നതും കാണാം](https://img-mm.manoramaonline.com/content/dam/mm/mo/district-news/idukki/images/2023/12/14/idukki-marayur-wild-elephant-threat.jpg?w=1120&h=583)
Mail This Article
മറയൂർ ∙ മറയൂർ– ചിന്നാർ റോഡിൽ പകൽസമയത്തും സ്ഥിരമായി കാട്ടാനകൾ എത്തുന്നതോടെ സഞ്ചാരികൾക്കു മുന്നറിയിപ്പുമായി വനംവകുപ്പ്. സംസ്ഥാനന്തര പാതയായ മറയൂർ–ഉദുമൽപേട്ട പാതയിൽ വന്യജീവി സങ്കേതങ്ങൾക്കുള്ളിൽ കടന്നു പോകുമ്പോൾ വന്യമൃഗങ്ങളുടെ സാന്നിധ്യവും ഉണ്ടാകുന്നതു പതിവ്. ഇപ്പോൾ പകൽ സമയത്തും ചിന്നാർ വന്യജീവി സങ്കേതത്തിലും ആനമല കടുവ സങ്കേതത്തിലും കൂടുതലും കാട്ടാനകൾ റോഡ് വശങ്ങളിലും നടുറോഡിലുമായി കാണപ്പെടുന്നതു പതിവാകുന്നു.
ഒരാഴ്ചയ്ക്ക് മുൻപ് ചിന്നാർ അതിർത്തി തമിഴ്നാട് ചെക്ക് പോസ്റ്റിൽ എത്തിയ ഒന്നര ക്കൊമ്പൻ എന്ന കാട്ടാന ചെക്ക് പോസ്റ്റിന്റെ കമ്പികളും ചെക്ക് പോസ്റ്റ് കെട്ടിടത്തിന്റെ പിറകുവശത്തെ മതിലും ഭാഗികമായി തകർത്തു.രാത്രിയിൽ മാത്രം കൂടുതലും റോഡ് വശങ്ങളിൽ കണ്ടുവന്നിരുന്ന കാട്ടാനകൾ കഴിഞ്ഞ ഒരു മാസമായി പകൽ സമയത്തും കാണപ്പെടുന്നു. പകൽ സമയത്തു കാട്ടാനകൾ വരുമ്പോൾ വിനോദസഞ്ചാരികൾ വാഹനങ്ങൾ നിർത്തി കാണുന്നതും ഫോട്ടോ എടുക്കുന്നതും പ്രകോപനത്തിനു കാരണമാകുന്നു.
കഴിഞ്ഞദിവസം വിനോദസഞ്ചാരികൾ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ മുന്നോട്ടു ഒറ്റയാൻ പാഞ്ഞടുത്തു. തലനാരിഴയ്ക്കാണ് ഒട്ടേറെ പേർ രക്ഷപ്പെട്ടത്. ഈ പാതയിലൂടെ യാത്ര ചെയ്യുമ്പോൾ വാഹനം നിർത്തുകയോ ഫോട്ടോ എടുക്കുകയോ ചെയ്യരുതെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്