ഗ്യാപ് റോഡിൽ സഞ്ചാരികൾക്ക് സമീപത്തേക്ക് കൂറ്റൻ കാട്ടുപോത്ത്

Mail This Article
മൂന്നാർ ∙ നൂറുകണക്കിനു സഞ്ചാരികൾ ഗ്യാപ് റോഡിൽ നിന്നു പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനിടയിലേക്ക് കൂറ്റൻ കാട്ടുപോത്ത് എത്തിയത് ഭീതി പരത്തി. തിങ്കൾ വൈകിട്ട് 5നാണ് ദേവികുളം ഗ്യാപ് റോഡിൽ ഒരു ടണ്ണിലധികം ഭാരമുള്ള കൂറ്റൻ കാട്ടുപോത്ത് ഇറങ്ങിയത്. ഈ സമയം ഗ്യാപ് റോഡിൽ കുട്ടികളടക്കം ഒട്ടേറെ സഞ്ചാരികളാണുണ്ടായിരുന്നത്. സഞ്ചാരികൾ ദേശീയപാതയോരത്ത് വാഹനങ്ങൾ നിർത്തിയ ശേഷം പുറത്തിറങ്ങി പ്രകൃതിഭംഗിയും തണുപ്പും ആസ്വദിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കാട്ടുപോത്ത് എത്തിയത്. അബദ്ധത്തിൽ റോഡിൽ എത്തിയ കാട്ടുപോത്തിന് മുകളിൽ പാറക്കെട്ടും താഴെ അഗാധ കൊക്കയും ഉള്ളതിനാൽ രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയായിരുന്നു. അര മണിക്കൂർ നേരം ദേശീയപാത വഴി അങ്ങോട്ടുമിങ്ങോട്ടും നടന്ന ശേഷം പ്രധാന റോഡിലൂടെ മൂന്നാർ ഭാഗത്തേക്ക് നടന്നുപോകുകയായിരുന്നു. ഈ സമയമത്രയും ഭയന്നു വിറച്ച് വാഹനങ്ങൾക്കുള്ളിൽ കഴിയുകയായിരുന്നു സഞ്ചാരികൾ.