കരുണാപുരം വില്ലേജ് ഓഫിസിന് പുരസ്കാരം

Mail This Article
നെടുങ്കണ്ടം ∙ കരുണാപുരം വില്ലേജ് ഓഫിസിന് ജില്ലയിലെ മികച്ച വില്ലേജ് ഓഫിസിനുള്ള പുരസ്കാരം. ഫയലുകൾ തീർപ്പാക്കുന്നതിലുള്ള കാര്യക്ഷമത, ജനങ്ങളോടുള്ള സമീപനം, നികുതി വരുമാനം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരം. 1982ൽ നിലവിൽ വന്ന കരുണാപുരം വില്ലേജ് 2023ലാണ് സ്മാർട്ട് വില്ലേജ് ഓഫിസായി മാറിയത്. ഓഫിസിലെ ഫയലുകൾ കൈകാര്യം ചെയ്യുന്നതിന് സർക്കാർ ആരംഭിച്ച ഇ -ഓഫിസ് പദ്ധതിയിലൂടെ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ ഫയലുകൾ കൈകാര്യം ചെയ്യുന്ന ഓഫിസും കരുണാപുരമാണ്. വില്ലേജ് ഓഫിസർ ടി.എ.പ്രദീപിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഉദ്യോഗസ്ഥ സംഘമാണ് കരുണാപുരം വില്ലേജിനെ നയിക്കുന്നത്.
ഓഫിസ് വളപ്പിൽ ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ വാഴക്കൃഷിയും സൂര്യകാന്തികളും മുൻപ് തന്നെ ശ്രദ്ധ നേടിയിരുന്നു.സമയബന്ധിതമായി റവന്യു റിക്കവറി പിരിവുകൾ പൂർത്തീകരിച്ചതും ഓഫിസിൽ എത്തുന്നവർക്കായി വിനോദ ഉപാധികൾ ഒരുക്കിയതും മാതൃകയായി. കൂടാതെ പ്രകൃതിക്ഷോഭകാലഘട്ടത്തിലെ മികച്ച പ്രവർത്തനവും കൂടുതൽ റവന്യു വരുമാനം നേടിയതും ഒറ്റയ്ക്ക് താമസിക്കുന്നവർ, പ്രായാധിക്യമുള്ളവർ, ഗുരുതര രോഗങ്ങൾ ബാധിച്ചവർ എന്നിവർക്ക് പരിചരണം നൽകുന്നതിന് നടത്തിയ ഇടപെടലുകളും അവാർഡിനായി പരിഗണിച്ചു. രണ്ടാം തവണയാണ് പ്രദീപ് വില്ലേജ് ഓഫിസറായ വില്ലേജ് മികച്ച വില്ലേജ് ഓഫിസായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇദ്ദേഹം മുൻപ് ജോലി ചെയ്തിരുന്ന പാറത്തോട് വില്ലേജ് ഓഫിസിനെയും 2022ൽ മികച്ച വില്ലേജ് ഓഫിസായി തിരഞ്ഞെടുത്തിരുന്നു.