ലോക്ഡൗൺ കാലത്ത് വീട്ടിലെ കണി കേമമാക്കാം
![Kannur News](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2020/4/13/vishu.jpg?w=1120&h=583)
Mail This Article
കണ്ണൂർ∙ പൊന്നിൻ നിറത്തിൽ കണിവെള്ളരി, കണ്ണിന് കുളിരായി കണിക്കൊന്ന... മനം നിറച്ച് ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും നിറക്കാഴ്ച്ച. വർഷം മുഴുവൻ നീളുന്ന സമ്പൽ സമൃദ്ധിക്കായി വിഷുക്കണി ഒരുക്കാൻ തയാറെടുക്കുകയാണു വീടുകൾ. ലോക്ഡൗൺ കാലത്തു ലോകം മുഴുവൻ വീട്ടിലേക്കു ചുരുങ്ങിയ കാലത്ത് ഈ വർഷത്തെ കണി കേമമാക്കാം.
കാർഷിക വിളകൾ, ഫലങ്ങൾ, പുഷ്പങ്ങൾ, പലഹാരങ്ങൾ, ആഭരണങ്ങൾ, വസ്ത്രം എന്നിവയാണു വിഷുക്കണിയിൽ പ്രധാനമായും ഉൾപ്പെടുത്തേണ്ട വസ്തുക്കൾ. പല നാടുകളിലും പല സമ്പ്രദായങ്ങളിലാണു കണി ഒരുക്കുന്നത്. എങ്കിലും ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഓരോ കണിയും. വീട്ടിൽ വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെയെന്നു പയ്യന്നൂരിലെ ജ്യോതിഷ പണ്ഡിതൻ സദനം നാരായണപ്പൊതുവാൾ വിശദമാക്കുന്നു.
![Kannur News Kannur News](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2020/4/13/kannur-narayanan.jpg)
കൃഷ്ണവിഗ്രഹം
മനുഷ്യഭാവങ്ങളോട് ഏറ്റവും ചേർന്നു നിൽക്കുന്ന ദൈവാവതാരമാണു കൃഷ്ണൻ. അതുകൊണ്ട് വിഷുക്കണിയിൽ കൃഷ്ണനു വലിയ പ്രാധാന്യമുണ്ട്. കൃഷ്ണന്റെ വസ്ത്രത്തിന്റെ നിറമെന്ന നിലയിലാണ് കണിക്കൊന്നയുടെ പ്രാധാന്യം.
നിലവിളക്ക്
അഞ്ചോ ഏഴോ തിരിയിട്ടു കത്തിച്ച നിലവിളക്ക്. എണ്ണയൊഴിച്ച് തിരി നിറച്ചു വയ്ക്കാം. രാവിലെ ദീപം തെളിച്ചാൽ മതി. എല്ലാ ഊർജത്തിന്റെയും ഉറവിടമാണു വെളിച്ചം എന്നതാണു നിലവിളക്ക് കത്തിക്കുന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
പൂക്കൾ
കണിക്കൊന്നയാണു പ്രധാനം. ഇതിനു പുറമേ ചെമ്പകം, വെളുത്ത നിറമുള്ള മറ്റു പുഷ്പങ്ങൾ എന്നിവ ഉപയോഗിക്കാം. ചുവപ്പ്,നീല നിറങ്ങളിലുള്ള പുഷ്പങ്ങൾ കണിയായി ഉപയോഗിക്കാറില്ല.
ഓട്ടുരുളി
ശ്രീകൃഷ്‌ണ വിഗ്രഹത്തിനു സമീപം ഓട്ടുരുളിയിലാണ് കണിയൊരുക്കേണ്ടത്. ഇതിൽ പാതി ഭാഗം ഉണക്കലരി നിറയ്‌ക്കുന്നു. ഉരുളിയിൽ കൊന്നപ്പൂവ് കുലയോടെ വയ്‌ക്കുന്നതാണ് ഉത്തമം. ബാക്കി വരുന്നത് വിതറുകയും ആവാം. ഏറ്റവും മുകളിൽ വയ്‌ക്കുന്നതു കൊന്നപ്പൂവാണ്. കാരണം കണി കാണാൻ കണ്ണു തുറക്കുമ്പോൾ കൊന്നപ്പൂവ് വ്യക്‌തമായി കാണാൻ കഴിയണം. ചന്ദനത്തിരി, മറ്റ് സുഗന്ധങ്ങൾ എന്നിവ ഉപയോഗിക്കാം. വെറ്റിലയും, വാൽക്കണ്ണാടിയും വേണം.
ഫലങ്ങൾ
സ്വർണ നിറമുള്ള കണിവെള്ളരി, ചക്ക, മാങ്ങ, അടയ്ക്ക, പപ്പായ, വാഴപ്പഴം, തേങ്ങ തുടങ്ങി വീട്ടിൽ തന്നെ ലഭിക്കുന്ന ഫലവർഗങ്ങളാണു വേണ്ടത്. കടയിൽ നിന്നു വാങ്ങി നിറയ്ക്കേണ്ട കാര്യമില്ല. മാങ്ങയും അടയ്ക്കയും വാഴപ്പഴവും കുലയോടെ വയ്ക്കണം. തേങ്ങ വയ്ക്കുമ്പോൾ രണ്ടെണ്ണം കൂട്ടിക്കെട്ടണം. എല്ലാ ഫലങ്ങളിലും ഭസ്മം വെള്ളത്തിൽ ചാലിച്ച് ചാർത്താവുന്നതാണ്.
പലഹാരങ്ങൾ
ഉണ്ണിയപ്പം (കാരയപ്പം), അരിനുറുക്ക്, ഉഴുന്ന് ഉപയോഗിച്ചുണ്ടാക്കുന്ന ചെറിയ പലഹാരമായ ഉണ്ടലിങ്ങ. പഴയകാലത്ത് വിഷുക്കൈനീട്ടത്തിനൊപ്പം ഈ പലഹാരം കൂടി കുട്ടികൾക്കു കൈമാറുമായിരുന്നു.
നാണയങ്ങൾ
സ്വർണാഭരണങ്ങൾ, നാണയങ്ങൾ, കറൻസി നോട്ടുകൾ എന്നിവ ഒരു പാത്രത്തിൽ നിരത്തി വയ്ക്കാം. സമ്പത്തിന്റെ, ഐശ്വര്യത്തിന്റെ ലക്ഷണമായാണ് ആഭരണങ്ങളും നാണയവും വയ്ക്കുന്നത്. വാൽക്കണ്ണാടിയും ഇക്കൂട്ടത്തിൽ വയ്ക്കാം.
ധാന്യങ്ങൾ
ഉണക്കലരിയാണു നിർബന്ധമായും വേണ്ടത്. ഇതിനു പുറമേ നവധാന്യങ്ങൾ. ആഹാരത്തിന് ഉപയോഗിക്കുന്ന ധാന്യങ്ങൾ തുടങ്ങി നമുക്ക് ലഭ്യമായ ധാന്യങ്ങൾ ഉപയോഗിക്കാം.
കണിയൊരുക്കേണ്ടത് എവിടെ?
പൂജാമുറിയുടെ മധ്യത്തിലായാണു കണി ഒരുക്കേണ്ടത്. പുജാമുറി ഇല്ലെങ്കിൽ പ്രാർഥനയ്ക്കു സൗകര്യമായ മുറിയിലോ ഹാളിലോ മധ്യഭാഗത്തായി കണി വയ്ക്കാം.
കണി കാണേണ്ടത് എങ്ങനെ?
വീട്ടിലെ മുതിർന്ന സ്ത്രീ, അല്ലെങ്കിൽ ഗൃഹനാഥയാണ് കണി ഒരുക്കേണ്ടത്. രാവിലെ എഴുന്നേറ്റ് തലേദിവസം തയാറാക്കിയ നിലവിളിക്കു കത്തിക്കാം. തുടർന്ന് വീട്ടിലെ ഗൃഹനാഥനെയും മറ്റുള്ളവരെയും ആദ്യം വിളക്ക് കണികാണിക്കാം. പിന്നീട് നാരായണ നാമം ജപിച്ച് ഓരോരുത്തരെയായി കണ്ണുപൊത്തി കണി ഒരുക്കിയ മുറിയിലെത്തിച്ചു കണി കാണിക്കാം.
വിഷുക്കൈനീട്ടം
കണി കണ്ടാൽ പിന്നെ കൈനീട്ടമാണ്. അച്‌ഛനോ കാരണവരോ ആദ്യം വിഷുക്കൈനീട്ടം നൽകും. നാണയത്തുട്ടുകൾ നൽകുന്നതാണു പരമ്പരാഗത രീതി. കുട്ടികൾക്കു പലഹാരവും നൽകും.