മാലിന്യം തള്ളുന്നവർ ഒരുപാടു നാൾ സുഖിക്കില്ല... വരുന്നു, ക്യാമറ
![kannur-waste-arrest kannur-waste-arrest](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2020/10/29/kannur-waste-arrest.jpg?w=1120&h=583)
Mail This Article
ചിറ്റാരിപ്പറമ്പ് ∙ മുടപ്പത്തൂർ പാലത്തിനു സമീപം സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. പരിസരത്തു മാലിന്യം തള്ളുന്നതും രാത്രി കാലങ്ങളിലെ മദ്യപാനവും കൊണ്ട് ദുരിതത്തിലായി നാട്ടുകാർ. ജനവാസം കുറവുള്ള മേഖലയാണിത്. പരിസരത്ത് രാത്രി കാലങ്ങളിൽ ആൾ സഞ്ചാരവും കുറവാണ്. ഈ തക്കം നോക്കിയാണ് മാലിന്യം തള്ളുന്നത്. ആഘോഷങ്ങൾ കൂടുതലുള്ള ദിവസങ്ങളിൽ മാലിന്യം വരുന്നതും കൂടും. ദുർഗന്ധം കാരണം വഴി നടക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മാലിന്യ ചാക്കുകൾ തെരുവുനായ്ക്കൾ വലിച്ചു കീറി നടു റോഡിലേക്ക് പരത്തും. ഇതിൽ ചവിട്ടി വേണം നാട്ടുകാർ പോകാൻ.
ഗുരുതരമായ ആരോഗ്യ ഭീഷണിയും ഇത് ഉയർത്തുന്നുണ്ട്. നാട്ടുകാർ തുടർച്ചയായി തദ്ദേശ സ്ഥാപന അധികൃതരെ വിവരം അറിയിക്കുന്നുണ്ട്. പല തവണ ഇവരും നടപടി എടുത്തിരുന്നു. എങ്കിലും സാമൂഹിക വിരുദ്ധർക്ക് യാതൊരു കൂസലും ഇല്ലെന്ന മട്ടാണ്. പ്രദേശത്തു നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിനായി പ്രവർത്തനം ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് യു.പി.ശോഭ, കെ.വി.ശ്രീധരൻ, വി.പത്മനാഭൻ എന്നിവർ പറഞ്ഞു.
മാലിന്യം തള്ളാൻ എത്തി: പിടിയിലായി
നിട്ടൂർ ഗുംട്ടിക്ക് പടിഞ്ഞാറു പുഴക്കരയിൽ ചരക്ക് ഓട്ടോയിൽ കയറ്റി മാലിന്യം തള്ളാനെത്തിയ യുവാവിനെ പൊലീസ് പിടികൂടി. വണ്ടിയും കസ്റ്റഡിയിൽ എടുത്തു. വടക്കുമ്പാട് കൂളിബസാർ ഇടവലത്ത് ഹൗസിൽ കെ.കെ.ഫിറോസിനെ (30) ആണ് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, എസ്ഐ മഹേഷ് കണ്ടമ്പേത്ത് എന്നിവരും സംഘവും ചേർന്നു പിടികൂടിയത്. വിവിധ സ്ഥലങ്ങളിൽ നിന്നു പണം വാങ്ങി മാലിന്യം ശേഖരിച്ചു ഇവിടെ പുഴക്കരയിൽ കൊണ്ടു വന്നു തള്ളുകയാണെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസം മുൻപ് നാട്ടുകാരിൽ നിന്ന് പരാതി ഉണ്ടായതിനെത്തുടർന്ന് പൊലീസ് ഇയാളെ പിടികൂടി കേസ് എടുത്തിരുന്നു.വീണ്ടും ഇന്നലെ വണ്ടിയിൽ നിറയെ മാലിന്യ ചാക്കുകളുമായി എത്തിയപ്പോൾ പൊലീസ് എത്തി പിടികൂടുകയായിരുന്നു. വണ്ടി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.