കോവിഡ് പോരാട്ടത്തിന് കൈപിടിക്കാൻ വാക്സീൻ വിതരണം തുടങ്ങി
![](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2021/1/17/kannur-shylaja.jpg?w=1120&h=583)
Mail This Article
കണ്ണൂർ ∙ ആശ്വാസമായി ജില്ലയിൽ കോവിഡ് വാക്സീൻ വിതരണം. ആദ്യദിനത്തിൽ ജില്ലയിലെ 9 കുത്തിവയ്പ്പ് കേന്ദ്രങ്ങളിൽ നിന്നായി 706 ആരോഗ്യപ്രവർത്തകരാണു വാക്സീനെടുത്തത്. രാവിലെ 11.15നു വാക്‌സിനേഷൻ ആരംഭിച്ചു. 32150 ഡോസ് കോവിഷീൽഡ് വാക്സീനാണു ജില്ലയിലെത്തിയത്. വാക്സീൻ സ്വീകരണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനു ശേഷമാണു ജില്ലയിലും വാക്സീൻ നൽകിത്തുടങ്ങിയത്.
![kannur-shylaja- kannur-shylaja-](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2021/1/17/kannur-shylaja-.jpg)
മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ.ബി.സതീശൻ ആദ്യ ഡോസ് സ്വീകരിച്ചു. മന്ത്രി കെ.കെ.ശൈലജ ജില്ലാ ആശുപത്രിയിലെ കേന്ദ്രത്തിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. ആദ്യ കുത്തിവയ്പ് കഴിഞ്ഞ് 28 ദിവസത്തിനു ശേഷമാണ് അടുത്ത ഡോസ് നൽകുക.
ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ കലക്ടർ ടി.വി.സുഭാഷ്, ജില്ലാ മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ.എം.പ്രീത, ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എം.കെ.ഷാജ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.കെ.അനിൽകുമാർ, ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ.ബി.സന്തോഷ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ.രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.
വാക്സീൻ കുത്തിവയ്പ്
കഴിഞ്ഞ ദിവസംകുത്തിവയ്പ്പു കേന്ദ്രങ്ങളിലെത്തിച്ച വാക്സീൻ, വിതരണത്തിനായി വാക്സീൻ കാരിയറിലാണ് എത്തിക്കുന്നത്. മുൻകൂർ റജിസ്റ്റർ ചെയ്തവർക്കാണു വാക്സീൻ സ്വീകരിക്കാൻ അനുമതി. റജിസ്റ്റർ ചെയ്തവർക്കു വാക്സീൻ കേന്ദ്രം, ദിവസം, സമയം എന്നിവ സംബന്ധിച്ച എസ്എംഎസ് മൊബൈൽ ഫോണിലേക്കു വരും. ആദ്യ ഡോസ് സ്വീകരിച്ചതിനു ശേഷം അടുത്ത ഡോസ് എടുക്കേണ്ടതു സംബന്ധിച്ചും എസ്എംഎസ് എത്തും.
കോവിൻ ആപ് മുഖേനയാണ് ഇതിന്റെ ഏകോപനം. എന്നാൽ ആദ്യദിനം കോവിൻ ആപ് കൃത്യമായി പ്രവർത്തിച്ചില്ല. ഒരേ സമയം കൂടുതൽ കേന്ദ്രങ്ങളിൽ നിന്നു ലോഗിൻ ചെയ്തതിനാലാണിത്. അതിനാൽ ആദ്യ ദിനം പലയിടത്തും വിവരങ്ങൾ ആരോഗ്യപ്രവർത്തകർ നേരിട്ടു രേഖപ്പെടുത്തുകയായിരുന്നു.
ആവശ്യമായ വാക്സീൻ ലഭിച്ചാൽ എല്ലാവർക്കും ഒരുമിച്ചു നൽകിത്തുടങ്ങാൻ കഴിയുമെന്നു മന്ത്രി കെ.കെ.ശൈലജ. വാക്‌സീൻ ഒരുമിച്ചു ലഭിച്ചാൽ എല്ലാ ആരോഗ്യ കേന്ദ്രങ്ങളെയും ഉപയോഗപ്പെടുത്തി വാക്സീൻ നൽകാനാകും. അതിനുള്ള സജ്ജീകരണങ്ങൾ സംസ്ഥാനത്തു തയാറാണ്.
വാക്സീൻ നൽകുന്നതോടെ അവസാനിക്കുന്നതല്ല നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങൾ. വൈറസ് പൂർണമായി പിൻവാങ്ങുന്നതു വരെ കൂടുതൽ ജാഗ്രതയോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം.
കെ.കെ.ശൈലജ
മന്ത്രി
ജില്ലയിൽ ആദ്യത്തെ വാക്സീൻ സ്വീകരിക്കുന്നതിന് അവസരം നൽകിയതിനു സർക്കാരിനും ആരോഗ്യ വകുപ്പിനും നന്ദി. വാക്സീൻ സ്വീകരിച്ചതിനു ശേഷം 30 മിനിറ്റ് സമയം നിരീക്ഷണമാണ്. കുറഞ്ഞ അളവ് വാക്സീൻ മാത്രമാണ് ഓരോരുത്തർക്കും നൽകുന്നത്. കോവിഡ് വന്നതിനു ശേഷം ശരീരത്തിലുണ്ടാകുന്ന പ്രതിരോധ ശേഷി ചെറിയ കാലയളവിലേക്കാണ്. അതിനാൽ കോവിഡ് മുക്തർക്കും വാക്സീൻ സ്വീകരിക്കാവുന്നതാണ്.
ഡോ.ബി.സതീശൻ
മലബാർ കാൻസർ സെന്റർ ഡയറക്ടർ