ADVERTISEMENT

കണ്ണൂർ–പയ്യന്നൂർ∙ വടക്കൻ മലബാറിൽ ആവേശത്തിരയിളക്കി ഐശ്വര്യകേരള യാത്ര. നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് ജാഥയ്ക്കു കണ്ണൂർ ജില്ലയിൽ ഉജ്വല വരവേൽപ്. ’സംശുദ്ധം സദ്ഭരണം’ എന്ന മുദ്രാവാക്യവുമായി രണ്ടാംദിനം ജില്ലയിൽ പ്രവേശിച്ച ജാഥയെ സ്വീകരണ കേന്ദ്രങ്ങളിലെല്ലാം യുഡിഎഫ് പ്രവർത്തകർ ഹൃദയത്തിലേറ്റുവാങ്ങി. ജില്ലാ അതിർത്തിയായ ഒളവറ പാലത്തിനു സമീപം നേതാക്കളും പ്രവർത്തകരുമായി വൻജനാവലിയാണു ജാഥയെ സ്വീകരിക്കാൻ എത്തിയത്.

ജാഥാ നായകൻ രമേശ് ചെന്നിത്തലയെ യുഡിഎഫ് നേതാക്കൾ ഹാരാർപ്പണം നടത്തി. പ്രവർത്തകർ പാർട്ടി പതാകകൾ വീശി ജാഥയ്ക്ക് അഭിവാദ്യമേകി. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുൽ ഖാദർ മൗലവി, കെപിസിസി ജനറൽ സെക്രട്ടറിമാരായ സജ്ജീവ് മാറോളി, വി.എ.നാരായണൻ, മാർട്ടിൻ ജോർജ്, സജീവ് ജോസഫ്, യുഡിഎഫ് ചെയർമാൻ പി.ടി.മാത്യു, അബ്ദുറഹ്മാൻ കല്ലായി, കുഞ്ഞിമുഹമ്മദ് പൊന്നാനി, അബ്ദുൽ കരീം ചേലേരി, വി.പി.വമ്പൻ, കെ.ടി.സഹദുല്ല,

ഇബ്രാഹിംകുട്ടി തിരുവട്ടൂർ, പി.സുനിൽ കുമാർ, വി.പി.സുഭാഷ് തുടങ്ങിയവർ സ്വീകരിക്കാനെത്തിയിരുന്നു. ജില്ലയിലെ ആദ്യ സ്വീകരണ സമ്മേളനം നിശ്ചയിച്ചതു പയ്യന്നൂർ ടൗൺ സ്ക്വയറിലായിരുന്നെങ്കിലും പയ്യന്നൂർ സെന്റ് മേരീസ് ജംക്‌ഷനിൽ ജാഥ എത്തിയപ്പോൾ നിയോജകമണ്ഡലം കമ്മിറ്റി അവിടെയും സ്വീകരണമൊരുക്കി. രമേശ് ചെന്നിത്തലയെയും രാജ് മോഹൻ ഉണ്ണിത്താൻ എംപിയെയും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണു സ്വീകരണ കേന്ദ്രമായ ടൗൺ സ്ക്വയറിലേക്ക് ആനയിച്ചത്.

വഴിയോരത്തു കാത്തുനിന്നിരുന്ന പ്രവർത്തകർ ആരവം മുഴക്കി ഒപ്പം ചേർന്നു. പയ്യന്നൂരിനു ശേഷം പഴയങ്ങാടിയിലും അഴീക്കോട് വൻകുളത്തുവയലിലും ജാഥയെത്തിയപ്പോഴും ആവേശം അതേപടി അലയടിച്ചു. വൻകുളത്തുവയലിൽ ഐശ്വര്യ കേരളത്തിന്റെ പ്രതീകമെന്ന നിലയിൽ നെല്ലും പറയും നൽകിയായിരുന്നു സ്വീകരണം. കണ്ണൂർ സ്റ്റേഡിയം കോർണറിലായിരുന്നു ജില്ലയിലെ ആദ്യദിന പര്യടനത്തിന്റെ സമാപനം. നിശ്ചയിച്ചതിലും വൈകിയാണു ജാഥയെത്തിയതെങ്കിലും പ്രവർത്തകരുടെ വീര്യം ചോർന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com