ചിറക്കൽ ചിറ നവീകരണത്തിനായി വെട്ടിപ്പൊളിച്ച റോഡ് നന്നാക്കിയില്ല
![kannur-chirakkal-chira-road ചിറക്കൽ ഗേറ്റ്-കടലായി അമ്പലം-പുതിയതെരു റോഡിൽ ചിറയ്ക്ക് സമീപം വെട്ടിപ്പൊളിച്ച റോഡിൽ വെള്ളം കെട്ടിനിൽക്കുന്നു. റോഡിലെ വെള്ളക്കെട്ടുള്ള കുഴിയിൽ വാഹനങ്ങൾ അപകടത്തിൽപെടുന്നതു പതിവാണ്.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2021/5/31/kannur-chirakkal-chira-road.jpg?w=1120&h=583)
Mail This Article
ചിറക്കൽ ∙ ചിറക്കൽ ചിറ നവീകരണം ആരംഭിച്ചപ്പോൾ വെട്ടിപ്പൊളിച്ച റോഡ് ഒന്നര വർഷം പിന്നിട്ടിട്ടും നന്നാക്കാതെ അധികൃതർ. പഞ്ചായത്ത് അധികൃതർക്ക് പലവട്ടം നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കാലവർഷത്തിനു മുൻപ് റോഡ് നന്നാക്കുമെന്ന അധികൃതരുടെ ഉറപ്പും പാഴായതോടെ കടുത്ത പ്രതിഷേധത്തിലാണു നാട്ടുകാർ. പ്രത്യക്ഷസമരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണു പ്രദേശവാസികൾ.
ചിറക്കൽ ഗേറ്റ് - കടലായി അമ്പലം -പുതിയതെരു റോഡിൽ ചിറക്കൽ ചിറയ്ക്കു സമീപമാണു യാത്രാദുരിതം. പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും, ദേശീയ പാതയിലേക്കും, പുതിയ തെരുവിലേക്കും പഞ്ചായത്ത് ഓഫിസിലേക്കും പോകുന്ന ചിറക്കൽ പഞ്ചായത്തിലെ പ്രധാന റോഡ് ആണിത്. എങ്ങും എത്താത്ത പാതി വഴിയിൽ നിർത്തിയ ചിറക്കൽ ചിറ നവീകരണം ആരംഭിച്ചപ്പോഴാണ് ഈ റോഡ് വെട്ടിപ്പൊളിച്ചതെന്നു നാട്ടുകാർ പറയുന്നു.
ഒന്നര വർഷത്തിലേറെയായി റോഡിന്റെ ദുർഗതി. പലതവണ ഇരുചക്ര വാഹനാപകടങ്ങൾ ഇവിടെ സംഭവിച്ചു കഴിഞ്ഞു. മഴ പെയ്തതോടെ റോഡിലെ കുഴിയുടെ ആഴം അറിയാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാകുകയാണ്. റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് രേഖാമൂലം നിവേദനം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഈ റോഡിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് ഉത്തരവാദി പഞ്ചായത്ത് അധികൃതർ മാത്രമായിരിക്കുമെന്നാണ് ചിറക്കൽ ചിറയ്ക്ക് സമീപത്തെ നാട്ടുകാർ പ്രതികരിച്ചത്.