ഈ വിനാശം വല്ലതും അധികൃതർ അറിയുന്നുണ്ടോ?
![kannur-pazhassi-mahi-canal കനാലിന്റെ ഭിത്തി പൊളിച്ചു സമീപത്തെ തോട്ടിലേക്ക് വെള്ളം ഒഴുക്കിയ നിലയിൽ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2021/6/8/kannur-pazhassi-mahi-canal.jpg?w=1120&h=583)
Mail This Article
കൂത്തുപറമ്പ് ∙ പഴശ്ശി - മാഹി കനാലിന്റെ നവീകരണ പ്രവൃത്തികൾ പാതിവഴിയിൽ. ഏപ്രിൽ – മേയ് മാസങ്ങളിലായാണ് കനാലിൽ നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്. ലോക്ഡൗൺ വന്നതോടെ കരാറുകാരൻ പ്രവൃത്തികൾ നിർത്തി. ഇതോടെ മാങ്ങാട്ടിടം, കോട്ടയം പഞ്ചായത്തുകളിലൂടെ കനാൽ കടന്നുപോകുന്ന ഭാഗത്ത് വിവിധയിടങ്ങളിൽ വെള്ളം ഒഴുകുന്നത് സമീപത്തെ തോടുകളിലൂടെയായി. ഇത് കനാലിനോടു ചേർന്നുള്ള താമസക്കാർക്ക് ഭീഷണിയായിട്ടുണ്ട്. ജോലിയുടെ എളുപ്പത്തിനു വേണ്ടി തള്ളോട് ഭാഗത്ത് കനാലിലെ വെള്ളം കളയാൻ കരാറുകാരൻ കനാലിന്റെ ഭിത്തി പൊളിച്ച് സമീപത്തെ തോട്ടിലേക്ക് വെള്ളം ഒഴുക്കി.
എന്നാൽ ചെറിയ തോട്ടിലേക്ക് കനാലിലെ വെള്ളവും സമീപത്തെ ചെറു തോടുകളിൽ നിന്ന് വരുന്ന വെള്ളവും കഴിഞ്ഞ മഴയ്ക്ക് ഒഴുകിയെത്തി പ്രദേശത്തെ വെള്ളക്കെട്ടിലാക്കി. വിളവെടുക്കാറായ വാഴയും മരച്ചീനിയും ഉൾപ്പെടെ പലവിധ പച്ചക്കറി കൃഷികളും ഈ മേഖലയിലുണ്ട്. അവയിൽ ഏതാണ്ട് വലിയൊരു ശതമാനം കഴിഞ്ഞ മഴയിലെ വെള്ളക്കെട്ടിൽ നശിച്ചു. തോടിന് കുറുകെയുള്ള പാലവും സമീപത്തെ റോഡും തകർന്നു. നൂറ് കണക്കിന് വിദ്യാർഥികൾ സ്കൂളിലേക്കു പോകാൻ ഉപയോഗിക്കുന്നതാണ് ഇത്. മഴക്കാലം ആരംഭിച്ചാൽ കനാലിന്റെ മുകൾ വശം വരെ വെള്ളം കയറാറുണ്ട്. ഇതോടെ കനാൽ കൂടുതലായി തകരും.
കരാറുകാരെയും ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടിട്ടും ചെയ്തു തരാമെന്ന സ്ഥിരം പല്ലവി കേൾക്കുക എന്നല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.മാങ്ങാട്ടിടം പഞ്ചായത്തിലെ ആമ്പിലാട് ഭാഗത്ത് കനാലിലേക്കു മണ്ണ്മാന്തി യന്ത്രം ഇറക്കാൻ കനാലിനോടു ചേർന്ന് റോഡ് സൈഡിൽ കുഴിയെടുത്തിരുന്നു. തുടർന്ന് ഇവിടെ റോഡ് തകർന്നതും ഏറെ വിവാദമായിരുന്നു. നവീകരണത്തിന്റെ ഭാഗമായി കനാലിൽ നിന്നു നീക്കം ചെയ്ത ചെളി വിവിധ ഇടങ്ങളിലായി റോഡരികിലും സമീപത്തെ മറ്റ് ജലാശയങ്ങളിലും നിക്ഷേപിച്ചു.
ഈ ചെളി കൂട്ടിയിട്ട ഭാഗത്ത് വെള്ളം കെട്ടി നിന്ന് ഇപ്പോൾ കൊതുക് വളർത്തു കേന്ദ്രമായി മാറിയിരിക്കുകയാണ്. അവ ഉടൻ തന്നെ നീക്കം ചെയ്യുമെന്ന് പറഞ്ഞെങ്കിലും അതുമുണ്ടായില്ല. ഉടൻ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ ഇറിഗേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തുകയും കരാറുകാരന്റെ വീട്ടുപടിക്കൽ സമരം ചെയ്യുമെന്നും നാട്ടുകാർ പറഞ്ഞു.