തുറന്നിട്ട് 2 വർഷം; സ്റ്റേഡിയം ചോരുന്നു
Mail This Article
പാനൂർ ∙ 2 വർഷം മുൻപ് തുറന്നുകൊടുത്ത മീത്തലെ ചമ്പാട് ഇൻഡോർ സ്റ്റേഡിയം ചോർന്നൊലിക്കുന്നു. താൽക്കാലിക കണക‍്ഷൻ കഴിഞ്ഞ ദിവസം വിഛേദിച്ചതോടെ വൈദ്യുതിയും മുടങ്ങി. തേക്കുമരം കൊണ്ടു പാകിയ കളിസ്ഥലം മഴ വെള്ളം വീണ് ജീർണിക്കാൻ തുടങ്ങി. വെളിച്ചക്കുറവു കാരണം രാത്രിയും പുലർച്ചെയുമുള്ള കളി നിലച്ചു. എ.എൻ.ഷംസീർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1.26 കോടി ചെലവഴിച്ചുപണിത സ്റ്റേഡിയം 2020 ഒക്ടോബർ 28ന് സ്പോർട്സ് മന്ത്രിയായിരുന്ന ഇ.പി.ജയരാജനാണു ഉദ്ഘാടനം ചെയ്തത്.
കളിസ്ഥലത്തു പാകിയ തേക്കുമരത്തിന്റെ പാനലുകൾ ഉറപ്പിച്ചത് ഇരുമ്പാണി കൊണ്ടാണ്. ആണി പൊങ്ങിവന്നു കളിക്കാർക്കു പരുക്കേൽക്കുന്നുമുണ്ട്. സൂര്യവെളിച്ചം തടയാൻ സ്റ്റേഡിയത്തിന്റെ മുകളിൽ സ്ഥാപിച്ച ഷീറ്റുകൾ കാറ്റിൽ താഴെ പതിക്കുമെന്ന സ്ഥിതിയിലാണ്. കെസികെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 50ലേറെ വിദ്യാർഥികൾക്ക് വോളിബോൾ, ഷട്ടിൽ എന്നിവയുടെ പരിശീലനം നൽകുന്നുണ്ട്. ഉദ്ഘാടന സമയത്ത് സ്റ്റേഡിയത്തിന് വൈദ്യുത കണക‍്ഷൻ ലഭിച്ചിരുന്നില്ല.
താൽക്കാലിക സംവിധാനത്തിൽ വൈദ്യുതി ലഭ്യമാക്കുകയായിരുന്നു. കെസികെ സ്പോർട്സ് ക്ലബ്ബാണു ബിൽ അടയ്ക്കുന്നത്. നിർമാണത്തിലെ അപാകതയാണ് നിലവിലെ സ്ഥിതിക്കു കാരണമെന്ന ആരോപണം ശക്തമായി. അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ലെന്നും ആരോപണമുണ്ട്. അലംഭാവം തുടർന്നാൽ നിർമാണവിഷയവുമായി ബന്ധപ്പെട്ട് വിജലൻസിനു പരാതി നൽകാനുള്ള തയാറെടുപ്പിലാണ് കായിക പ്രേമികൾ.