എംആർഐ സ്കാനിങ് കേന്ദ്രത്തിന് വേണം, മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
Mail This Article
പരിയാരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്ക് അത്യാവശ്യമായ എംആർഐ സ്കാനിങ് യന്ത്രം പൂർണമായി നിലച്ചു. ആദ്യ കാലഘട്ടത്തിൽ അത്യാധുനിക സ്കാനിങ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിലുണ്ടായിരുന്നു. എന്നാൽ കാലപ്പഴക്കത്തിൽ എംആർഐ സ്കാനിങ് യന്ത്രം തകരാറിലാവുകയും പിന്നീട് പൂർണമായി നിലയ്ക്കുകയും ചെയ്തു. 8 വർഷം കഴിഞ്ഞിട്ടും പുതിയ എംആർഐ സ്ഥാപിച്ചിട്ടില്ല. പക്ഷേ, പരിയാരത്തെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്വകാര്യ എംആർഐ സ്കാനിങ് തുടരുന്നുമുണ്ട്. സ്വകാര്യ സ്കാനിങ് കേന്ദ്രങ്ങളിലെ നിരക്കാണ് ഇവിടെ ഈടാക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെയും ആരോഗ്യ ഇൻഷുറൻസ് ഏജൻസികളുടെയും ഗുണഭോക്താക്കളെയും നിരക്ക് നേരിട്ടു ബാധിക്കില്ലെന്നു മാത്രം. എന്നാൽ ആശുപത്രി വികസന സൊസൈറ്റിക്കു ലഭിക്കേണ്ട തുകയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ സ്കാനിങ് യന്ത്രം സ്ഥാപിച്ചാൽ സാധാരണക്കാർക്കു സർക്കാർ നിരക്കിൽ സ്കാനിങ് നടത്താനും മറ്റുള്ളവരിൽ നിന്നു പൊതുവായ നിരക്കിൽ സ്കാനിങ് ഫീസ് ഈടാക്കാനും സാധിക്കും. സിടി സ്കാൻ യന്ത്രത്തിന്റെ പഴക്കവും ചികിത്സയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
സിടി ഇടയ്ക്കിടെ കേടാകുന്നതിനാൽ പുറത്തു നിന്നു സ്കാനിങ് നടത്തേണ്ടി വരുന്നു. സെൻട്രൽ ലാബ് ആധുനീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. നിലവിൽ സെൻട്രൽ ലാബിലെ ചില ഉപകരണങ്ങൾ സ്വകാര്യ കമ്പനിയുടേതാണ്. ലാബ് പരിശോധനയുടെ കിറ്റ് പോലുള്ള സാധനങ്ങൾ ഈ കമ്പനിയിൽ നിന്ന് ആശുപത്രി വാങ്ങണം. ലാബിലെ ഉപകരണങ്ങൾ പൂർണമായി സർക്കാർ സ്ഥാപിച്ചാൽ, സൗജന്യമായി കിറ്റ് ആശുപത്രിക്കു ലഭിക്കുകയും സർക്കാർ നിരക്കിൽ പരിശോധന നടത്താൻ സാധിക്കുകയും ചെയ്യും