ആഫ്രിക്കൻ പന്നിപ്പനി: 179 പന്നികളെ കൊന്നു; കള്ളിങ് നടപടി നീണ്ടത് 11 മണിക്കൂറോളം
![african-swine-fever ഉദയഗിരി പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ച ഫാമുകളിലെ പന്നികളുടെ കള്ളിങ്ങിനായി എത്തിയ റാപിഡ്
റെസ്പോൺസ് ടീം.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2024/7/25/african-swine-fever.jpg?w=1120&h=583)
Mail This Article
കണ്ണൂർ ∙ ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ച ഉദയഗിരി പഞ്ചായത്തിലെ 9 ഫാമുകളിലായി 179 പന്നികളെ കള്ളിങ് (കൊന്നൊടുക്കൽ) ചെയ്തു. രാവിലെ 9ന് ആണ് കള്ളിങ് തുടങ്ങിയത്. ശക്തമായ മഴയും കാറ്റും മൂലം പലതവണ തടസ്സപ്പെട്ടു. വൈകിട്ട് ഏഴോടെ പൂർത്തിയാക്കി. അണുനശീകരണ ജോലികൾ ഉൾപ്പെടെയുള്ളവ അവസാനിച്ചതു രാത്രി എട്ടോടെയാണ്. ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ബിജോയ് വർഗീസിന്റെ നേതൃത്വത്തിൽ 45 പേരടങ്ങുന്ന റാപിഡ് റെസ്പോൺസ് ടീമാണ് കള്ളിങ്ങിനു നേതൃത്വം നൽകിയത്.
കള്ളിങ്ങിനോട് കർഷകർ സഹകരിച്ചെന്നും പ്രതികൂല കാലാവസ്ഥയിലും 11 മണിക്കൂറോളം വിശ്രമമില്ലാതെയാണു മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പ്രവർത്തിച്ചതെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. വി.പ്രശാന്ത് പറഞ്ഞു. ഡോ. എം.വിനോദ്കുമാർ, ഡോ. ഇ.സോയ, ഡോ.മുഹമ്മദ് ബഷീർ, ഡോ.മനു ശേഖർ, ഡോ.കെ.എസ്.ജയശ്രീ, ഡോ.ആരമ്യ തോമസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
3 ടീമുകൾ
∙ കള്ളിങ്ങിനായി റാപിഡ് റെസ്പോൺസ് ടീം അംഗങ്ങളെ മൂന്നായി തിരിക്കും. ദയാവധം, സംസ്കാരം എന്നിവയ്ക്കായി ഒരു സംഘമുണ്ടാകും. പരിസരശുചീകരണം, അണുനശീകരണം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾക്കാണു രണ്ടാമത്തെ സംഘത്തെ നിയോഗിക്കുക. രോഗനിരീക്ഷണസംഘമാണു
മൂന്നാമത്തേത്.