വയറിങ് നടത്തിയില്ല; 6 മാസമായി ഉദ്ഘാടനം കാത്ത് മൃഗാശുപത്രിക്കെട്ടിടം

Mail This Article
പയ്യന്നൂർ ∙ മൃഗാശുപത്രി കെട്ടിടം പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞെങ്കിലും വയറിങ് ജോലി നടക്കാത്തതിനാൽ ഉദ്ഘാടനം നടക്കുന്നില്ല. നഗരസഭയാണ് കെട്ടിടം പണിതത്. പഴയ കെട്ടിടം കാലപ്പഴക്കം കൊണ്ട് ജീർണിച്ചതിനാലാണ് പുതിയ കെട്ടിടം പണിതത്. വയറിങ് ജോലി നടക്കണമെങ്കിൽ ജില്ലാ പഞ്ചായത്തിന്റെ എൻജിനീയറിങ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കണം. നഗരസഭ ഇതിന് അപേക്ഷ നൽകി 6 മാസം പിന്നിടുകയാണ്. എസ്റ്റിമേറ്റ് ലഭിച്ച് ടെൻഡർ നൽകി വയറിങ് ജോലി പൂർത്തീകരിച്ചാൽ മാത്രമേ ഓഫിസ് ഉദ്ഘാടനം ചെയ്യാൻ കഴിയൂ.
എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിൽ ഉൾപ്പെടുത്തി ഉദ്ഘാടനം ചെയ്യണമെങ്കിൽ ഈയാഴ്ചയെങ്കിലും വയറിങ് ജോലി തുടങ്ങണം. മൃഗാശുപത്രി നഗരസഭയ്ക്ക് കീഴിലാണെങ്കിലും പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെയും കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ, പിലിക്കോട്, ചീമേനി, വലിയപറമ്പ്, പടന്ന പഞ്ചായത്തുകളിലെയും പക്ഷി മൃഗാദികളുടെ ചികിത്സയ്ക്ക് ജനങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഒപി വിഭാഗത്തിൽ ദിവസം 500ൽ അധികം പക്ഷിമൃഗാദികളെ ഇവിടെ ചികിത്സയ്ക്ക് കൊണ്ടുവരുന്നു.