ഓഫർ സീസണുമായി ഓൺലൈൻ തട്ടിപ്പ്; ട്രാഫിക് ലംഘനത്തിന്റെ പേരിലും തട്ടിപ്പ്

Mail This Article
കണ്ണൂർ ∙ സമൂഹമാധ്യമങ്ങൾ വഴിയുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തമാക്കുമ്പോഴും തട്ടിപ്പിനു കുറവില്ല. ജില്ലയിൽ മാസത്തിൽ ഇരുന്നൂറിലേറെപ്പേർ തട്ടിപ്പിനിരയാകുന്നതായി സൈബർ പൊലീസിൽ ലഭിക്കുന്ന പരാതികളുടെ എണ്ണം വ്യക്തമാക്കുന്നു. സിറ്റി സൈബർ പൊലീസിനു മാത്രം മാസം 120 പരാതി ലഭിക്കുന്നുണ്ട്. വിഷു, ഈസ്റ്ററിനോടനുബന്ധിച്ച് കുറഞ്ഞ വിലയ്ക്കു സാധനങ്ങൾ ലഭ്യമാക്കുമെന്നു പറഞ്ഞുള്ള തട്ടിപ്പുകളാണ് ഇപ്പോൾ കൂടുതൽ നടക്കുന്നത്.
ട്രാഫിക് ലംഘനത്തിന്റെ പേരിലും തട്ടിപ്പ്
ട്രാഫിക് ലംഘനത്തിനു പിഴയുണ്ടെന്നു വാട്സാപ്പിൽ സന്ദേശം ലഭിക്കുകയും ചെക്ക് ചെയ്യാനെന്നു പറഞ്ഞു നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ മട്ടന്നൂർ സ്വദേശിക്കു നഷ്ടമായത് 22,000 രൂപ. ട്രാഫിക് ലംഘനത്തിനു മോട്ടർ വാഹന വകുപ്പാണു സന്ദേശം അയയ്ക്കാറുള്ളത് എന്നറിയാതെയാണു തട്ടിപ്പിനിരയായയാൾ ലിങ്ക് ക്ലിക്ക് ചെയ്തതും പണം നഷ്ടമായതും. സിറ്റി സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.പാർട്ട് ടൈം ജോലിയെന്ന വഞ്ചനയിൽപെട്ടാണു കൂത്തുപറമ്പ് സ്വദേശിനിക്ക് 10,560 രൂപ നഷ്ടമായത്.
വിവിധ അക്കൗണ്ടുകളിലേക്കു പണം നൽകുകയായിരുന്നു. പാർട്ട് ടൈം ജോലി തട്ടിപ്പിൽപ്പെട്ടു കണ്ണൂർ സിറ്റി സ്വദേശിക്ക് 36,560 രൂപയും നഷ്ടപ്പെട്ടു. ഓൺലൈൻ ലോൺ ലഭിക്കാനുള്ള വിവിധ ചാർജുകൾ എന്ന തട്ടിപ്പിൽപ്പെട്ട് കൊളവല്ലൂർ സ്വദേശിക്ക് നഷ്ടമായത് 14,404 രൂപ. ക്രെഡിറ്റ് കാർഡിന്റെ സർവീസ് ചാർജ് ഒഴിവാക്കാമെന്ന വ്യാജേന ബാങ്കിൽനിന്നുള്ള ഫോൺ വന്നപ്പോൾ കാർഡ് വിവരങ്ങൾ കൈമാറിയ വളപട്ടണം സ്വദേശിക്ക് 17,500 രൂപ നഷ്ടപ്പെട്ടു. ഓൺലൈൻ ട്രാൻസാക്‌ഷൻ ആക്ടിവേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഒടിപി കൈമാറിയ കൂത്തുപറമ്പ് സ്വദേശിക്ക് 19,999 രൂപയും നഷ്ടമായി.
ശ്രദ്ധിക്കാം
∙ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തണം. അജ്ഞാത അക്കൗണ്ടുകളിൽനിന്നു വരുന്ന ഫോൺ, സന്ദേശം എന്നിവയോടു പ്രതികരിക്കാതിരിക്കുക. വിഡിയോകോൾ എടുക്കാതിരിക്കുക.
∙ വിദേശത്തുനിന്നു പണം അയയ്ക്കുന്നവർ ബാങ്കുകൾ വഴിയും മണിട്രാൻസ്ഫർ വഴിയും പണം അയയ്ക്കുക.
∙ ഓൺലൈൻ ലോൺ നൽകാമെന്നു പറഞ്ഞു വിളിക്കുന്നവർക്ക് ഒരു കാരണവശാലും പണം അയച്ചുകൊടുക്കുകയോ അവർ നൽകുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുകയോ അരുത്.
∙ അജ്ഞാത നമ്പറിൽനിന്നു വിളിച്ചു പൊലീസിൽ നിന്നാണെന്നും കുറിയറിൽ നിന്നാണെന്നും നിങ്ങൾക്കെതിരെ കേസുണ്ടെന്നും മറ്റും പറഞ്ഞു വരുന്ന കോളുകളോടു പ്രതികരിക്കാതിരിക്കുക.ഒരു കാരണവശാലും അക്കൗണ്ട് വിവരങ്ങളോ ആധാർ, മറ്റ് തിരിച്ചറിയൽ വിവരങ്ങളോ കൈമാറാതിരിക്കുക. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി റജിസ്റ്റർ ചെയ്യുകയോ വേണം.