വിഷുവിനും ഇല്ലായ്മ മാറാതെ പാചകത്തൊഴിലാളികൾ; ലഭിക്കാനുള്ളത് ഫെബ്രുവരി, മാർച്ച് മാസത്തെ വേതനം

Mail This Article
കണ്ണൂർ ∙ വിഷുവിന് ഇത്തവണയും സ്കൂൾ പാചക തൊഴിലാളികൾക്ക് പട്ടിണി. ഫെബ്രുവരി, മാർച്ച് മാസത്തെ വേതനം ഇതുവരെയും ലഭിച്ചിട്ടില്ല. വേനലവധി തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും വേനലവധി വേതനവും ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ വിഷുവിനും അതേ അവസ്ഥയായിരുന്നു. കഴിഞ്ഞ വർഷത്തെ വേനലവധി വേതനം അധ്യയന വർഷം തുടങ്ങിയതിന് ശേഷം ഓഗസ്റ്റിലാണ് ലഭിച്ചത്. ഇത്തവണയും ഇതിന് മാറ്റൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ നിസ്സഹായതയിലാണ് തൊഴിലാളികൾ.
2016 ലെ മിനിമം കൂലി വർധന, 250 കുട്ടികൾക്ക് ഒരു തൊഴിലാളി തുടങ്ങിയവ നിലവിലെ സർക്കാർ തുടർന്നില്ല. സ്കൂൾ പാചക തൊഴിലാളികൾക്ക് സർക്കാർ തൊഴിലാളികളുടേതു പോലുള്ള ആനുകൂല്യങ്ങൾ നടപ്പിലാക്കുമെന്ന പ്രഖ്യാപനവും വെറുതേയായി. മിനിമം കൂലി 1000 രൂപയെങ്കിലും ആക്കണമെന്ന അഭ്യർഥനയാണ് ഇവർക്കുള്ളത്.