സർക്കാർ ഫണ്ട് ഉപയോഗിച്ച് സിപിഎം സ്മാരകം; പ്രതിഷേധം ശക്തം

Mail This Article
കൂത്തുപറമ്പ് ∙ സർക്കാർ ഫണ്ട് ഉപയോഗിച്ച് സിപിഎം സ്മാരകം പണിതതിനെതിരെ വ്യാപക പ്രതിഷേധം. എരുവട്ടി പാനുണ്ടയിൽ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി സർക്കാർ ഫണ്ട് ഉപയോഗിച്ചു നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം രക്തസാക്ഷിയായ നാൽപ്പാടി വാസുവിന്റെ സ്മരണയ്ക്കായാണ് സമർപ്പിച്ചത്. സർക്കാർ ഫണ്ടിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് സ്മാരകം പണിത് കൊടുത്തതിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ കാത്തിരിപ്പുകേന്ദ്രത്തിനു പകരമാണ് പുതിയത് നിർമിച്ചത്. എരുവട്ടി ഇന്ദിരാജി നഗറിലെ മണിക്കുട്ടൻ സ്മാരക കാത്തിരിപ്പുകേന്ദ്രവും ആലക്കണ്ടി ബസാറിലെ കാത്തിരിപ്പുകേന്ദ്രവും ഇതുപോലെ പൊളിച്ചു മാറ്റിയിരുന്നു. പാനുണ്ടയിൽ മാത്രമാണ് പുതിയത് നിർമിച്ചു കൊടുത്തത്. പൊതു സ്ഥലങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരം പോലും പാടില്ല എന്ന കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് സർക്കാർ ഫണ്ട് ഉപയോഗിച്ച് സർക്കാർ സ്ഥലത്ത് രക്തസാക്ഷി സ്മാരകം പണിതതിലൂടെ ഉണ്ടായതെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.