ADVERTISEMENT

കാസർകോട് ∙ നൈപുണ്യ വികസനത്തിലൂടെ സ്ത്രീകളെ തൊഴിലിലേക്കും ബിരുദത്തിലേക്കും നയിക്കാൻ കാസർകോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ദർപ്പണം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിച്ചു. വിവിധ സാഹചര്യങ്ങൾ മൂലം മുഖ്യധാരയിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന സ്ത്രീകൾക്കായി 2021 - 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി തയാറാക്കിയത്. പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണ്. 20 ലക്ഷം ആളുകൾക്ക് നാല് വർഷത്തിനകം തൊഴിൽ നൽകുമെന്നു മന്ത്രി പറഞ്ഞു.കുടുംബശ്രീ, ശ്രീനാരായണ ഓപ്പൺ സർവകലാശാല, അസാപ് എന്നിവരുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 

നിർവഹണ ഉദ്യോഗസ്ഥൻ കുടുംബശ്രീ  ജില്ലാ മിഷൻ കോ-ഓഡിനേറ്ററാണ്. യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.ടി സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.  അസാപ് ഹെഡ് സി.എസ്.പി  ഇ.വി.സജിത്ത് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, കാസർകോട് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജാസ്മിൻ കബീർ, ഷെഫീക്ക്, നവകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയംഗം കെ.ജി വിദ്യാധരൻ, ലിൻക് ഡയറക്ടർ ഹരീഷ് കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപൻ, അസാപ് ജില്ലാ പ്രോഗ്രാം മാനേജർ പി.വി.സുജീഷ്  എന്നിവർ സംസാരിച്ചു.

അവസരം 250 യുവതികൾക്ക്

250 യുവതികളെയാണു ബിരുദധാരികളാക്കുക. പ്ലസ് ടു പൂർത്തിയാക്കിയവർക്കാണ് അവസരം. അപേക്ഷകർക്കു പ്രവേശനപരീക്ഷയും അഭിമുഖവും നടത്തിയാണ് പഠിതാക്കളെ തിരഞ്ഞെടുക്കുന്നത്. ആദ്യം പ്രാഥമിക പരിശീലനവും തുടർന്ന് അക്കൗണ്ടിങ് ടെക്നീഷ്യൻ, കമ്യുണിറ്റി മൊബിലൈസർ, ആട്ടിസനൽ ബേക്കറി തുടങ്ങി മൂന്ന് തരം കോഴ്സുകളും പഠിപ്പിക്കും. തൊഴിൽ മേളകളിലൂടെ ഇവർക്ക് ജില്ലാ പഞ്ചായത്ത് തൊഴിൽ ഉറപ്പാക്കിയ ശേഷമാണു ബിരുദപഠനം.ഒരു ഗുണഭോക്താവിന് 20,000 രൂപ ജില്ലാ പഞ്ചായത്ത് വിഹിതവും 2000 രൂപ ഗുണഭോക്തൃ വിഹിതവും ചേർന്നതാണ് പദ്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com