ADVERTISEMENT

കാസർകോട്∙ഒരേ ട്രെയിനിൽനിന്നു പുറത്തേക്ക് തെറിച്ചുവീണും പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപെട്ടും 10 മിനിറ്റിനിടെ രണ്ടു മരണം. ഇന്നലെ ഉച്ചയ്ക്ക് മംഗളൂരുവിൽനിന്നു ചെന്നൈയിലേക്കുള്ള ട്രെയിൻ നമ്പർ 12602 എംജിആർ ചെന്നൈ സെൻട്രൽ മെയിൽ ട്രെയിനിൽ നിന്നു പുറത്തേക്ക് തെറിച്ചു വീണ കോളജ് വിദ്യാർഥിയും പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽപെട്ട് ഇതര സംസ്ഥാന തൊഴിലാളിയുമാണു മരിച്ചത്. മംഗളൂരുവിലെ പിഎ എൻജിനീയറിങ് കോളജ് വിദ്യാർഥി കൂത്തുപറമ്പ് സ്വദേശി റനീം (19), ഒഡീഷ സ്വദേശി സുശാന്ത് (41) എന്നിവരാണ് മരിച്ചത്.

എംജിആർ ചെന്നൈ സെൻട്രൽ മെയിൽ ട്രെയിനിൽ നിന്നു കോളജ് വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീണ ചൗക്കി കല്ലങ്കൈയിൽ റെയിൽവേ പൊലീസ് പരിശോധന നടത്തുന്നു,  ഇൻസെറ്റിൽ റെനീം
എംജിആർ ചെന്നൈ സെൻട്രൽ മെയിൽ ട്രെയിനിൽ നിന്നു കോളജ് വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീണ ചൗക്കി കല്ലങ്കൈയിൽ റെയിൽവേ പൊലീസ് പരിശോധന നടത്തുന്നു, ഇൻസെറ്റിൽ റെനീം

കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ വെള്ളം വാങ്ങാനായി പുറത്തിറങ്ങിയ സുശാന്ത് ട്രെയിൻ വിട്ടപ്പോൾ ഓടിക്കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ ഫോമിനും ഇടയിൽപെട്ട് പാളത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് യാത്രക്കാർ ട്രെയിൻ ചങ്ങല വലിച്ച് നിർത്തി. മൃതദേഹത്തിൽ നിന്നു ലഭിച്ച പാൻ കാർഡിലെ വിവരങ്ങളാണ് മരിച്ചയാളെ തിരിച്ചറിയാൻ സഹായിച്ചത്. പാളത്തിൽ കുടുങ്ങിയ മൃതദേഹം പൊലീസെത്തിയാണ് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. മംഗളൂരുവിലെ പെട്രോൾ പമ്പിലെ ജീവനക്കാരനാണ്.

ഇതിനിടെയാണ് ഇതേ ട്രെയിനിന്റെ വാതിലിനരികിൽ നിൽക്കുന്നതിനിടെ വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീണതായി സഹയാത്രക്കാർ പൊലീസിനെ അറിയിച്ചത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കാസർകോട് ചൗക്കിയിലെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിനടുത്ത് കല്ലങ്കൈ പന്നിക്കുന്നിലെ കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മംഗളൂരുവിലെ പിഎ എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്.

ഏറെനേരം നീണ്ട തിരച്ചിലിനൊടുവിൽ രാത്രി എട്ടോടെയാണ് റനീമിന്റെ മൃതദേഹം കണ്ടെത്തിയത്. കുമ്പള സ്റ്റേഷനിൽ നിന്ന് ട്രെയിൻ യാത്ര പുറപ്പെട്ടതിനു ശേഷമാണ് റനീമിനെ കാണാതായത്. ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ റെയിൽവേ പൊലീസിനെ വിവരമറിച്ചു. കാസർകോട് റെയിൽവേ പൊലീസും കുമ്പള, കാസർകോട് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും, അഗ്നിരക്ഷാ സേനയും വിദ്യാർഥികളും നാട്ടുകാരുടെ സഹായത്തോടെ റെയിൽപാളവും പരിസരത്തെ കാടുകളിലും വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com