ദയവായി ശ്രദ്ധിക്കുക

Mail This Article
ശാസ്താംകോട്ട ∙ റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനുള്ള വാഗ്ദാനങ്ങൾക്കും പ്രഖ്യാപനത്തിനും യാതൊരു പഞ്ഞവുമില്ല. എന്നാൽ എരിയുന്ന വേനലിൽ യാത്രക്കാർക്ക് കയറി നിൽക്കാനുള്ള ഇടങ്ങൾ, പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ ശുചിമുറികൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലും വളരെ തുച്ഛമാണ്. പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന റെയിൽവേ സ്റ്റേഷനിൽ 2 കോടി രൂപയിലധികം വാർഷിക വരുമാനമുണ്ടെങ്കിലും അർഹമായ പരിഗണന ഇതുവരെ ലഭിച്ചിട്ടില്ല.
ദീർഘദൂര സർവീസുകൾ ഉൾപ്പെടെ ഒട്ടേറെ ട്രെയിനുകൾ നിർത്തുന്നുണ്ടെങ്കിലും രാത്രിയിൽ ടിക്കറ്റ് നൽകാൻ പോലും ജീവനക്കാരില്ല. രണ്ട് പ്ലാറ്റ്ഫോമിലും ആകെയുള്ളത് പരിമിതമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ മാത്രമാണ്. പ്രധാന പ്ലാറ്റ് ഫോമിന്റെ തെക്കേയറ്റത്താണ് സ്റ്റേഷൻ ഓഫിസുള്ളത്. ഇവിടെ നിന്നും ടിക്കറ്റ് എടുത്ത ശേഷം ഒരു കിലോമീറ്ററിലേറെ നടക്കണം എൻജിൻ ഭാഗത്തെ ലോക്കൽ കംപാർട്മെന്റ് പിടിക്കാൻ.
നടപ്പാലം തകരാറിലായതിനാൽ തിരക്കേറിയ നാലു ട്രാക്കുകൾ മുറിച്ചു കടന്നാണ് രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ എത്തുന്നത്. കയ്യിൽ കുട കരുതിയില്ലെങ്കിൽ ട്രെയിനിൽ കയറുമ്പോഴേക്കും വെയിലേറ്റ് വാടിക്കരിയും. ശുചിമുറി കോംപ്ലക്സ് നിർമാണമാണ് പ്രധാന വെല്ലുവിളി. നിലവിലുള്ള ഒരു ശുചിമുറി പുറത്ത് നിന്നുള്ളവരുടെ അനാവശ്യ ഉപയോഗം തടയുന്നതിനായി താഴിട്ട് പൂട്ടി.
യാത്രക്കാർ ആവശ്യപ്പെട്ടാൽ മാത്രം താക്കോൽ നൽകുമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ സ്ത്രീ യാത്രക്കാരിൽ മിക്കവരും സമീപ വീടുകളെയാണ് ആശ്രയിക്കുന്നതെന്നാണ് പരാതി. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി വിശദമായ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതുവരെ അനുകൂലമായ നടപടികളൊന്നുമുണ്ടായില്ല.

പാർക്കിങ് ഫീസ് നിർബന്ധം; സൗകര്യങ്ങൾ ഒന്നുമില്ല
കുടുംബശ്രീയുടെ നിയന്ത്രണത്തിൽ പാർക്കിങ് ഫീസ് പിരിക്കുന്നുണ്ടെങ്കിലും വെയിലും മഴയും കൊള്ളാതെ വണ്ടി സൂക്ഷിക്കാൻ സൗകര്യങ്ങളില്ല. ഇരുചക്രവാഹനങ്ങൾക്ക് 5മുതൽ 10 രൂപ വരെയും കാറുകൾക്ക് 10 മുതൽ 25 വരെയുമാണ് നിരക്ക്. എന്നാൽ ഇവിടെ യാതൊരു സുരക്ഷിതത്വവുമില്ലെന്നും ഹെൽമറ്റും പെട്രോളും മോഷണം പോകുന്നതായിട്ടുമാണ് യാത്രക്കാരുടെ പരാതി. ഇതോടെ വീടുകളോട് ചേർന്നുള്ള സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങളെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്.