കൽക്കരി എത്തിക്കൽ ചരിത്രം; റെയിൽപാത കാടുകയറി

Mail This Article
ചവറ∙ കാടുകയറിയും കയ്യേറ്റവും മൂലം നശിക്കുന്ന കെഎംഎംഎല്ലിലേക്കുള്ള റെയിൽപാത ഉപയോഗപ്രദമായ രീതിയിൽ നിർമിക്കണമെന്നാവശ്യം ശക്തം. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച് തൊടിയൂർ, കരുനാഗപ്പള്ളി നഗരസഭ. പന്മന പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പാത കെഎംഎംഎല്ലിലേക്ക് കൽക്കരി എത്തിക്കുന്നതിനായാണ് നിർമിച്ചത്. കൽക്കരി നീക്കം നിലച്ചതോടെ പാത ഉപേക്ഷിച്ചു. എട്ടു കിലോമീറ്ററോളം ദൈർഘ്യമുള്ള പാതയിൽ പലയിടങ്ങളിലും കയ്യേറി കൃഷിയിടങ്ങളാക്കി. പാത സ്ഥാപിക്കാൻ ഉയർത്തിയിരുന്ന മണ്ണും തടി സ്ലീപ്പർ കട്ടകളും കടത്തി.
കരുനാഗപ്പള്ളി നഗരസഭ–പന്മന പഞ്ചായത്തിന്റെയും അതിർത്തിയായ പള്ളിക്കലാറും വട്ടക്കായലും സംഗമിക്കുന്ന വടക്കുംതല കൊതുമുക്കിൽ കൂറ്റൻ പാലവും പാതയ്ക്കായി നിർമിച്ചിരുന്നു. തടികൊണ്ടുള്ള സ്ലീപ്പർ കട്ടകൾ ദ്രവിച്ചിട്ടും സൈക്കിൾ യാത്രക്കാരും കാൽനടക്കാരും ഇപ്പോഴും പാലത്തിലൂടെ യാത്ര ചെയ്യുന്നുണ്ട്. പാതയുടെ വശങ്ങളിലെ കാടുകയറിയ ഭാഗങ്ങൾ സാമൂഹിക വിരുദ്ധർ താവളമാക്കിയിരിക്കുകയാണ്. ഉപയോഗ ശൂന്യമായ സ്ഥലം സർക്കാർ ഏറ്റെടുത്ത് റോഡാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ഉൽപന്നങ്ങൾ പുറത്തേക്ക് കൊണ്ടുപോകുന്നത് റെയിൽവേ മാർഗമാക്കാനുള്ള പദ്ധതി കമ്പനിയുടെ പരിഗണനയിലാണ്.

കമ്പനി ഉൽപന്നങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് റോഡ് മാർഗമാണ്. നിലവിലുള്ള പാത നവീകരിച്ചു റെയിൽവേയുമായി ചേർന്ന് റോറോ സർവീസ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിനു സമാന്തരമായി റോഡും ഉണ്ടാകണം. കെ.എ.നിയാസ്, ബ്ലോക്ക് പഞ്ചായത്തംഗം
ടൈറ്റാനിയം മുതൽ പോരൂക്കര വരെയും കന്നേറ്റി പാലം മുതൽ കേശവപുരം വരെയും ചമ്പോലിമുക്ക് മുതൽ കൊതുമുക്ക് പാലം വരെയും നിലവിൽ സമാന്തരപാതയുണ്ട്. കരുനാഗപ്പള്ളി ആലുംമുക്കിൽ നിന്നും കന്നേറ്റി പാലം വരെയും അവിടെ നിന്നു ദേശീയപാതയ്ക്ക് സമാന്തരമായി റോഡ് നിർമിക്കണം. നിലവിൽ കന്നേറ്റി പാലത്തിൽ ഗതാഗത തടസ്സം ഉണ്ടായാൽ പെട്ടെന്ന് പാലം മറി കടക്കാൻ വഴികളില്ല. പൊന്മന നിശാന്ത്, കോൺഗ്രസ് വടക്കുംതല മണ്ഡലം പ്രസിഡന്റ്
പതിറ്റാണ്ടുകൾക്ക് മുൻപ് പാതയ്ക്ക് ഭൂമി വിട്ടു നൽകിയത് ഇവിടെ വികസനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. റെയിൽപാത നിർമാണത്തിന്റെ ജോലിക്കിടെ ജീവൻ നഷ്ടപ്പെട്ടത് 4 പേർക്കാണ്. പാതയുടെ ഇപ്പോഴത്തെ അവസ്ഥയിൽ വിഷമം ഉണ്ട്. യാത്ര ചെയ്യാൻ ബുദ്ധിമുട്ടിയിരുന്ന തങ്ങൾക്ക് വഴി നൽകാമെന്ന വാഗ്ദാനവും നിറവേറ്റിയിട്ടില്ല. ഗോപാലകൃഷ്ണൻ, പരിസരവാസി