കർഷകരുടെ കണ്ണീർ കാണാത്ത വനം വകുപ്പിനതിരെ പ്രതിഷേധം ശക്തം
![കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴിയിൽ വനാതിർത്തിയിലുള്ള കൃഷിയിടത്തിലെ വിളകൾ കാട്ടുപന്നികൾ ഉഴുതു മറിച്ച നിലയിൽ. കാട്ടാനക്കൂട്ടം കല്ലടയാർ നീന്തിയെത്തി തെങ്ങുകൾ കുത്തിമലർത്തുക പതിവാണിവിടെ. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴിയിൽ വനാതിർത്തിയിലുള്ള കൃഷിയിടത്തിലെ വിളകൾ കാട്ടുപന്നികൾ ഉഴുതു മറിച്ച നിലയിൽ. കാട്ടാനക്കൂട്ടം കല്ലടയാർ നീന്തിയെത്തി തെങ്ങുകൾ കുത്തിമലർത്തുക പതിവാണിവിടെ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kollam/images/2021/1/17/kollam-farming.jpg?w=1120&h=583)
Mail This Article
കുളത്തൂപ്പുഴ∙ കാട്ടുമൃഗങ്ങളുടെ തേർവാഴ്ചയിൽ കൺമുൻപിൽ എല്ലാം തകർന്നടിയുന്നതു കണ്ടു നെഞ്ചിൽ കൈവച്ചു പരിതപിക്കുന്ന കർഷകരുടെ ദുർവിധി നീളുന്നു. വിളകൾ നശിച്ച് കടക്കെണിയിലായ കർഷകർക്ക് സഹായം നൽകാതെ വനംവകുപ്പ്. കർഷകരുടെ പരാതികൾ തള്ളുന്ന വനംവകുപ്പിന്റെ നിലപാടിൽ പ്രതിഷേധം. വന്യജീവികൾ വനാതിർത്തി കടക്കാതിരിക്കാൻ സൗരോർജ വേലികൾ സ്ഥാപിച്ചു എന്ന അവകാശവാദം നിരത്തി കയ്യൊഴിയുകയാണ് വനംവകുപ്പ്. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനൊക്കെ തീരുമാനമായിട്ടും കാട്ടുപന്നിക്കൂട്ടങ്ങളുടെ വിളയാട്ടം പതിവിലും രൂക്ഷമാകുകയാണ്.
ഫലവൃക്ഷങ്ങളും ചെറുകിട കൃഷികളും ഒന്നൊഴിയാതെ വന്യജീവികൾ അകത്താക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന പതിവിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടായിട്ടും അനക്കമില്ലാതെ വനംവകുപ്പിന്റെ നിസംഗത തുടരുന്നു. ഫലവൃക്ഷങ്ങളിലെ കായ്ഫലങ്ങൾ വിളവെത്തും മുൻപെ നശിപ്പിക്കുന്ന കുരങ്ങുകളും ചെറുകിട വിളകളുടെ അടിവാരം തോണ്ടുന്ന കാട്ടുപന്നിക്കൂട്ടങ്ങളും കൃഷി മേഖലയ്ക്കാകെ പ്രതിസന്ധി രൂക്ഷമാക്കുകയാണ്. റബർ മരങ്ങളുടെ കായുകൾ പോലും വിട്ടുകളയാത്ത കുരുങ്ങൻമാർ വീടുകളിലെ അടുക്കളകളിൽ വരെ കയറി ഭക്ഷണം തട്ടിയെടുക്കാൻ അതിക്രമം കാട്ടുന്നതു ജീവനു തന്നെ ഭീഷണിയായി. നാട്ടുകാരായ വനപാലകരുടെ കൃഷിയിടങ്ങളിലും വന്യജീവികൾ അതിക്രമം അഴിച്ചുവിടുമ്പോൾ ദയനീയാവസ്ഥ പുറത്തു പറയാതെ പരിതപിക്കുകയാണിവരും.