കൃഷി തുടരുന്നതാണോ, പട്ടാഴിക്കാരുടെ കുറ്റം?
![kollam-babu-farming kollam-babu-farming](https://img-mm.manoramaonline.com/content/dam/mm/mo/district-news/kollam/images/2022/5/25/kollam-babu-farming.jpg?w=1120&h=583)
Mail This Article
പട്ടാഴി ∙ പകൽ സമയത്ത് കുരങ്ങ്, മയിൽ, വെരുക്, തെരുവുനായ്... രാത്രിയിൽ കാട്ടുപന്നി, കാടൻ, മുള്ളൻപന്നി തുടങ്ങിയവയുടെ ശല്യം. 24 മണിക്കൂറും ഉറക്കമുണർന്ന് അധ്വാനിച്ചിട്ടും കർഷകന്റെ കണ്ണീർ മാത്രം ഉണങ്ങുന്നില്ല. പരാതി പറഞ്ഞു മടുത്തു. നിസ്സഹായവസ്ഥ തുറന്നു പറയുകയാണ് പട്ടാഴി ഗ്രാമം.സമ്പന്നമായ കൃഷിപാരമ്പര്യമുള്ള ഗ്രാമമാണ് പട്ടാഴി. വന്യമൃഗശല്യം എല്ലാ പരിധിയും വിട്ടപ്പോൾ ആ കാലം ഓർമയിൽ മാത്രമാവുകയാണ്. താലൂക്കിൽ ഏറെപ്പേർ സ്വന്തം പുരയിടങ്ങളിലും പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്ന പഞ്ചായത്ത് കൂടിയാണ് പട്ടാഴി.
റബർ, തെങ്ങ്, കമുക്, പ്ലാവ്, വാഴ, മരച്ചീനി, പച്ചക്കറി എന്നിങ്ങനെ ഒരു കൃഷിയും വിളവെടുക്കാൻ വന്യജീവികൾ സമ്മതിക്കുന്നില്ല. തെങ്ങിൽ തെങ്ങിൻ പൂക്കുലയുണ്ടാകുന്ന കാലം മുതൽ കുരങ്ങിന്റെ ശല്യം തുടങ്ങും. റബർ ചിരട്ട നശിപ്പിക്കുക, ടാപ്പ് ചെയ്ത പാൽ കമഴ്ത്തി കളയുക, കമുകിൽ കയറി അടയ്ക്ക നശിപ്പിക്കുക എന്നിങ്ങനെ പോകുന്നു കുരങ്ങിന്റെ ശല്യം. മരച്ചീനിയിൽ വേര് പിടിച്ചു തുടങ്ങിയാൽ മതി കാട്ടുപന്നിയുടെ സന്ദർശനം പതിവാകും. പടക്കം വച്ച വേലിയും സോളർ വേലിയുമൊന്നും ഇവയ്ക്ക് പ്രശ്നമല്ല. ഇനി ചക്ക വിറ്റു ജീവിക്കാമെന്നു കരുതിയാൽ കുരങ്ങും മലയണ്ണാനും മയിലുമൊന്നും അതിനും സമ്മതിക്കില്ല.
വായ്പയെടുത്തും പാട്ടത്തിനെടുത്തും മറ്റും കൃഷി ചെയ്യുന്നവരാണ് ഏറെയും. വന്യജീവിശല്യം ഒഴിവാക്കാൻ ജനപ്രതിനിധികളുടെ ഭാഗത്തു നിന്ന് ഒരു ഇടപെടലും ഉണ്ടാകുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു. ഓരോ വർഷവും നഷ്ടം നികത്താമെന്ന പ്രതീക്ഷയിലാണ് വീണ്ടും വീണ്ടും കൃഷിയിറക്കുന്നത്. പക്ഷേ കൂടുതൽ കടബാധ്യതയിലേക്കാണ് നീങ്ങുന്നതെന്നും ഇവർ പറയുന്നു.
മൈലാടുംപാറ ഇഞ്ചപ്പാറ രാജപ്പന്റെ രണ്ട് ആടുകളെയാണ് ഒരാഴ്ചയ്ക്കിടെ തെരുവുനായ്ക്കൾ കടിച്ചു കൊന്നത്. സ്ത്രീകളും കുട്ടികളും ഒറ്റയ്ക്ക് പോയാൽ ആക്രമണം ഉറപ്പ്. സമീപത്തെ സ്കൂളിലേക്ക് പോകുന്ന കുട്ടികളാണ് കൂടുതലും തെരുവുനായ്ക്കളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നത്.
പരാതികളിൽ നടപടി വേണം
വന്യജീവി ശല്യത്തിനെതിരെ ശക്തമായ നടപടി വേണം. കൃഷിമേഖലയെ ആശ്രയിക്കുന്ന കർഷകർ ഏറെയുള്ള മേഖലയായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. വന്യമൃഗ ശല്യത്തിനെതിരെ കർഷകർ ഒട്ടേറെ തവണ പരാതി നൽകിയിട്ടും നടപടിയില്ല.
ബിജു തോമസ് മലയാള മനോരമ പന്ത്രണ്ട്മുറി ഏജന്റ്