കൂരിപ്പുഴ ഫാമിൽ നിന്ന് ടർക്കി ഇറച്ചി വിപണിയിലേക്ക് എത്തുന്നു
![kollam-turkey-chicken-farming kollam-turkey-chicken-farming](https://img-mm.manoramaonline.com/content/dam/mm/mo/district-news/kollam/images/2022/6/10/kollam-turkey-chicken-farming.jpg?w=1120&h=583)
Mail This Article
കൊല്ലം ∙ കുരീപ്പുഴ ഫാമിൽ നിന്നു ടർക്കി ഇറച്ചി വിപണിയിലെത്തിക്കുമെന്നു മന്ത്രി ജെ.ചിഞ്ചുറാണി. കുരീപ്പുഴ ടർക്കി ഫാമിന്റെ വികസന സാധ്യതകൾ മനസ്സിലാക്കാൻ സന്ദർശനം നടത്തുകയായിരുന്നു മന്ത്രി. ഗാർഹിക ഉപഭോക്താക്കൾക്കു കൂടി സ്വീകാര്യമായ രീതിയിൽ ചെറിയ പായ്ക്കിനുള്ളിൽ ഇറച്ചി വിപണിയിലെത്തിക്കാൻ ഫാമിനെ സജ്ജമാക്കുകയാണു ലക്ഷ്യം. ഇറച്ചി വിൽപന ഇല്ലാത്തതിനാൽ ചെറുകിട ഉപഭോക്താക്കൾക്ക് ഇവ വാങ്ങാൻ കഴിഞ്ഞിരുന്നില്ല.
ഐസ് ലൈൻ റഫ്രിജറേറ്ററുകളും പ്രോസസിങ് യൂണിറ്റുകളും വരുന്നതോടെ അതിനു പരിഹാരമാകുമെന്നു മന്ത്രി പറഞ്ഞു. ജൈവ സുരക്ഷ സംവിധാനങ്ങൾ ഫാമിൽ നിലനിൽക്കുന്നതിനാൽ ഫാമിനു പുറത്തുള്ള സർക്കാർ കെട്ടിടം ഇറച്ചി പായ്ക്കിങ് യൂണിറ്റാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ആഴ്ചയിൽ 500 ഓളം ടർക്കിക്കുഞ്ഞുങ്ങൾ ഫാമിൽ വിരിഞ്ഞിറങ്ങുന്നുണ്ട്. ഇതു കർഷകർക്കു കൂടി വളർത്താൻ നൽകുന്ന ഉപഗ്രഹ യൂണിറ്റുകൾ വരുന്നതോടെ വർഷം മുഴുവൻ ടർക്കി ഇറച്ചി ലഭ്യമാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ജില്ലാ മൃഗ സംരക്ഷണ ഓഫിസർ ഡോ.ഡി.നിഷ, അസി.ഡയറക്ടർ ഡോ.ഡി.ഷൈൻ കുമാർ, ഡോ.എസ്.രാജു എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.