നടപ്പാലത്തിൽ നടപ്പില്ല ; ലക്ഷങ്ങൾ ചെലവിട്ടു നിർമിച്ച നടപ്പാലങ്ങൾ ഉപയോഗിക്കാതെ ജനം

Mail This Article
കൊല്ലം∙ തിരക്കേറിയ റോഡുകൾ സുരക്ഷിതമായി മറികടക്കാൻ നഗരത്തിൽ സ്ഥാപിച്ച നടപ്പാലങ്ങൾ കാഴ്ചവസ്തുക്കൾ മാത്രമായി. പാർവതി മിൽ ജംക‍്ഷൻ, ഹൈസ്കൂൾ ജംക‍്ഷൻ, ചെമ്മാൻമുക്ക് എന്നിവിടങ്ങളിലാണ് കോർപറേഷൻ പരിധിയിൽ നടപ്പാലങ്ങൾ നിർമിച്ചിരിക്കുന്നത്. സ്കൂൾ വിദ്യാർഥികളുടെ തിരക്ക് നഗരത്തിൽ കൂടുതലുള്ള മേഖലകളിലാണ് നടപ്പാലങ്ങൾ സ്ഥാപിച്ചത്. എന്നാൽ ചവിട്ടുപടികളുടെ എണ്ണം കൂടുതലായതും രണ്ട് വശങ്ങളിൽ നിന്നും പ്രവേശനമില്ലാത്തതും കാരണം കാൽനട യാത്രക്കാരും സ്കൂൾ വിദ്യാർഥികളും നടപ്പാലം ഉപയോഗിക്കാത്ത അവസ്ഥയാണ്.
സെന്റ് ജോസഫ് കോൺവന്റ് സ്കൂളിനു മുന്നിലെ നടപ്പാലമാണ് അവസാനം തുറന്നു കൊടുത്തത്. 65 ലക്ഷം രൂപ ചെലവിൽ 32 മീറ്റർ നീളത്തിലും രണ്ട് മീറ്റർ വീതിയിലുമാണ് നടപ്പാലം നിർമിച്ചിരിക്കുന്നത്. രണ്ട് വശങ്ങളിൽ നിന്നും പ്രവേശനമില്ലാത്തതിനാൽ ഭൂരിഭാഗം ആളുകളും നടപ്പാലം ഉപയോഗിക്കാത്ത അവസ്ഥയാണ്. നടപ്പാലം ഉപയോഗിച്ചു റോഡ് മറികടക്കണമെങ്കിൽ 80 പടികൾ കയറി ഇറങ്ങണം. അശാസ്ത്രീയമായ നിർമാണം കാരണമാണ് ജനങ്ങൾ നടപ്പാലം ഉപയോഗിക്കാത്തതെന്നാണ് ആക്ഷേപം.
സ്കൂളുകൾക്ക് മുന്നിൽ ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ നടപ്പാലം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാതെ റോഡു മുറിച്ചു കടക്കാൻ വാഹന ഗതാഗതം നിയന്ത്രിച്ചു നൽകുന്നതും ഇവിടെ സ്ഥിരം കാഴ്ചയാണ്. ചെമ്മാൻമുക്കിലെ നടപ്പാലം ഉപയോഗിച്ചു റോഡ് മുറിച്ചു കടക്കണമെങ്കിൽ 60 ചവിട്ടുപടികളാണ് കയറിയിറങ്ങേണ്ടത്. ചെമ്മാൻമുക്ക്–കടപ്പാക്കട റോഡും കൊല്ലം–ആയൂർ റോഡും ചേരുന്ന ജംക‍്ഷനായതിനാൽ ചെമ്മാൻമുക്കിൽ റോഡ് മുറിച്ചു കടക്കുന്നത് പ്രയാസമേറിയ കാര്യമാണ്. എന്നിട്ടും നടപ്പാലം ഉപയോഗിക്കാൻ ജനങ്ങൾ തയാറാകുന്നില്ല.