അഞ്ചൽ ബൈപാസ്: ഉദ്ഘാടനം മേയ് 17ന്
Mail This Article
അഞ്ചൽ ∙ പ്രദേശവാസികളുടെ ചിരകാലാഭിലാഷമായ ബൈപാസിന്റെ ഉദ്ഘാടനം മേയ് 17നു നടക്കും. 2.02 കിലോമീറ്റർ ദൈർഘ്യമുള്ള പാത പൂർത്തിയാക്കാൻ 18 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു എങ്കിലും ഔദ്യോഗിക ഉദ്ഘാടനം ഉത്സവമായി മാറ്റാനുള്ള തീരുമാനത്തിലാണു ജനങ്ങൾ. സ്വാഗതസംഘം അടുത്ത ആഴ്ച രൂപീകരിക്കുമെന്നു പി.എസ്.സുപാൽ എംഎൽഎ അറിയിച്ചു. അവസാന മിനുക്കു പണികളാണു നടക്കുന്നത്.
റോഡ് ആധുനിക രീതിയിൽ വൈദ്യുതീകരിക്കുന്നതിനു 2 കോടി രൂപയുടെ പദ്ധതിയാണു നടപ്പാക്കുന്നതെന്നും എംഎൽഎ വിശദീകരിച്ചു. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് നേരത്തേതന്നെ വാഹന ഗതാഗതം അനുവദിച്ചിട്ടുണ്ട്. അഞ്ചൽ – ആയൂർ റോഡിലെ കുരിശുമുക്കിൽ ആരംഭിച്ച് പുനലൂർ – അഞ്ചൽ റോഡിലെ സെന്റ് ജോർജ് സ്കൂളിനു മുന്നിൽ വരെയാണു ബൈപാസ്. ചതുപ്പ് നിലവും മറ്റും നികത്തിയാണു പാത ഒരുക്കിയത്. 2003–04 കാലത്താണു പാതയുടെ പ്രാഥമിക സർവേ നടത്തിയത്. ചില സാങ്കേതിക പ്രശ്നങ്ങളും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും കാരണം പണികൾ ഇഴഞ്ഞു. സമീപകാലത്താണു പണികൾക്കു വേഗം വന്നത്.