കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ ക്ഷീരകർഷകൻ മരിച്ചു
Mail This Article
പത്തനാപുരം ∙ തൊഴുത്തിനു സമീപം കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ ക്ഷീരകർഷകൻ മരിച്ചു. പട്ടാഴി ഇരുപ്പാക്കുഴി മുഞ്ഞക്കര ജെറിൻ ഭവനിൽ സാജൻ (55) ആണു മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ നാലിനു വീടിനടുത്തുള്ള പുരയിടത്തിലെ തൊഴുത്തിലേക്കു പശുവിനെ കറക്കുന്നതിനായി പോയതാണ്.
5.30നു ശേഷവും പാൽ കിട്ടാത്തിനെത്തുടർന്നു കട ഉടമകൾ വീട്ടിലിരുന്ന മൊബൈൽ ഫോണിലേക്കു വിളിച്ചപ്പോഴാണു സംഭവം പുറത്തറിയുന്നത്. മകൻ ജെറിൻ തൊഴുത്തിലെത്തി നോക്കുമ്പോൾ കഴുത്തിനു മുറിവേറ്റു നിലത്തു കിടക്കുകയായിരുന്നു സാജൻ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിന്നീടു പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സാജന്റെയുള്ളിൽ വിഷം ചെന്നതായി തെളിഞ്ഞു.
പിന്നിലൂടെയെത്തിയ ഒരാൾ കഴുത്തിൽ വെട്ടിയെന്നും ആരാണെന്ന് അറിയില്ലെന്നുമാണ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി സാജൻ മകനോടു പറഞ്ഞത്. മകന്റെ മൊഴിയനുസരിച്ചു കൊലപാതകം എന്ന നിലയിലാണ് ആദ്യം പൊലീസ് കേസെടുത്തതും. സംശയമുള്ള കുറച്ചു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തൊഴുത്തിനു സമീപത്തു നിന്ന് ഒരു കത്തി ലഭിച്ചതോടെ ദുരൂഹതയേറി. എന്നാൽ, വിഷം ഉള്ളിൽച്ചെന്നതാണു മരണകാരണമെന്നും കഴുത്തിലെ മുറിവ് ആഴത്തിലുള്ളതല്ലെന്നും പിന്നീടു പോസ്റ്റ്മോർട്ടത്തിനുശേഷം ഡോക്ടർമാർ അറിയിച്ചു.
തന്നെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടെന്നു സാജൻ പറഞ്ഞതായി ചില നാട്ടുകാർ മൊഴിയും നൽകി. വിഷം ഉള്ളിൽച്ചെന്ന കാര്യം ആരും അറിഞ്ഞതുമില്ല. കഴുത്തിൽ സ്വയം മുറിവേൽപ്പിച്ചതാകാമെന്ന സംശയത്തിലാണു പൊലീസ്. റൂറൽ എസ്പി സാബു മാത്യു, അഡീഷനൽ എസ്പി എസ്.പ്രതാപൻ, ഡിവൈഎസ്പി വിജയകുമാർ, സിഐ വി.എസ്.പ്രശാന്ത്, എസ്ഐ ഗംഗാ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. സാജന്റെ ഭാര്യ: മിനി. മകൾ: പരേതയായ ജിമി