കൊല്ലം - ചെങ്കോട്ട റെയിൽ പാതയിൽ ‘ഇലക്ട്രിക് ലോക്കോ: വൈദ്യുതി ലഭ്യമാക്കുമെന്ന് ഉറപ്പ്

Mail This Article
കൊട്ടാരക്കര ∙ പൂർണമായി വൈദ്യുതീകരിച്ച കൊല്ലം - ചെങ്കോട്ട റെയിൽ പാതയിൽ ഇലക്ട്രിക് ലോക്കോ ഓടിക്കുന്നതിനാവശ്യമായ വൈദ്യുതി എത്രയും വേഗം ലഭ്യമാക്കുമെന്നു കെഎസ്ഇബിയുടെ ഉറപ്പ്. കൊല്ലം - ചെങ്കോട്ട റെയിൽവേ പാതയിൽ പുനലൂർ ട്രാക് സബ് സ്റ്റേഷനിൽ അടിപ്പാത കേബിൾ വഴി വൈദ്യുതി എത്തിക്കുന്നതിൽ വരുന്ന കാലതാമസം സംബന്ധിച്ച് കൊട്ടാരക്കര വൈദ്യുതി ഭവനിൽ നടന്ന ചർച്ചയിൽ കൊല്ലം - ചെങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കാണ് അധികൃതർ ഉറപ്പ് നൽകിയത്.
പുനലൂർ തൊളിക്കോട് സബ് സ്റ്റേഷനിൽ നിന്ന് പുനലൂർ റെയിൽവേ സ്റ്റേഷനിലുള്ള വൈദ്യുത സബ് സ്റ്റേഷനിലേക്ക് ടൂ ഫേസ് വൈദ്യുതി ലഭ്യമാക്കുന്ന നിർമാണ പ്രതിസന്ധികൾ ഉടൻ തന്നെ പരിഹരിക്കുമെന്ന് കൊട്ടാരക്കര ഡപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.
കൊല്ലം - ചെങ്കോട്ട വിരുദൂനഗർ പാതയിലെ മറ്റെല്ലാ ട്രാക്‌ഷൻ സബ് സ്റ്റേഷനുകളിലും വൈദ്യുതി എത്തിയിട്ടും ഒന്നര വർഷം മുൻപ് നിർമാണം പൂർത്തിയാക്കിയ പുനലൂർ ട്രാക്‌ഷൻ സബ് സ്റ്റേഷനിൽ വൈദ്യുതി നൽകിയില്ല. വൈദ്യുതി എത്തിക്കുന്നതിന് റെയിൽവേ കെഎസ്ഇബിക്ക് 28.75 കോടി രൂപ മുൻകൂറായി നൽകിയിരുന്നു.
നിലവിൽ പെരിനാട് സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ഈ റൂട്ടിൽ ഇലക്ട്രിക് ലോക്കോകൾ ഓടുന്നത്. കൊട്ടാരക്കര ട്രാൻസ്മിഷൻ വിഭാഗം ഡപ്യൂട്ടി ചീഫ് എൻജിനീയർ എം.ചന്ദ്രൻ വിളിച്ച യോഗത്തിലാണു തീരുമാനം. പാസഞ്ചേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് രക്ഷാധികാരി എൻ.ബി. രാജഗോപാൽ, പ്രസിഡന്റ് എൻ.ചന്ദ്രമോഹൻ എന്നിവരും പങ്കെടുത്തു.