ADVERTISEMENT

ഇടമുളയ്ക്കൽ ∙ സ്കൂളുകളിലെ പ്രഭാത ഭക്ഷണത്തിനുള്ള തുക ഒഴിവാക്കുന്നതിനു ഇടമുളയ്ക്കൽ പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ ശുപാർശ, പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനു ഇടയാക്കി. ഫണ്ടിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് ഇടമുളയ്ക്കൽ പഞ്ചായത്തിനു വിട്ടുകിട്ടിയ 9 സ്കൂളുകളിലെ പ്രഭാത ഭക്ഷണത്തിനുള്ള തുക ഒഴിവാക്കാൻ നീക്കം ഉണ്ടായത്. കഴിഞ്ഞ അധ്യായന വർഷവും സമാന രീതിയിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്നു തീരുമാനം മാറ്റിയിരുന്നു. പ്രതിപക്ഷത്തെ 6 അംഗങ്ങൾ തീരുമാനത്തിനെതിരെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. ഇനി ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളേണ്ടത് പഞ്ചായത്ത് ഭരണ സമിതിയാണ്. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ ശുപാർശ നടപ്പാക്കിയാൽ പഞ്ചായത്തിനു വിട്ടുകിട്ടിയ 9 സ്കൂളുകളിലെ പ്രഭാത ഭക്ഷണ പദ്ധതി ഒഴിവാക്കേണ്ടിവരും. ഭൂരിഭാഗം സ്കൂളുകളിലും സ്കൂൾ ബസ് ഉള്ളതിനാൽ അതിരാവിലെ കുട്ടികൾക്കു വീടുകളിൽ നിന്നും ഇറങ്ങണം.

ഇതുമൂലം പ്രഭാത ഭക്ഷണം കഴിക്കാതെയാണ് പലരും സ്കൂളിൽ എത്തുന്നത്. മറ്റു ചില കുട്ടികൾക്കു സമയക്കുറവു മൂലം ഭക്ഷണം വേണ്ട രീതിയിൽ കഴിക്കാനും സാധിക്കാറില്ല.  9 സ്കൂളുകളിലായി എണ്ണൂറോളം കുട്ടികൾക്കു ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന തുക കൂടാതെ പ്രഥമാധ്യാപകർ, പിടിഎ, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി മുന്നോട്ടു പോകുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിൽ കുട്ടികൾ കുറയുന്നു എന്നുള്ള ആശങ്ക നിലനിൽക്കുമ്പോൾ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണത്തിന്റെ തുക ഒഴിവാക്കുന്നത് വിരോധാഭാസമാണെന്നു പ്രതിപക്ഷാംഗം വി.എസ്.റാണ ആരോപിച്ചു. ഫണ്ടില്ലെങ്കിൽ തനത് ഫണ്ട് ഇതിനായി വിനിയോഗിക്കണമെന്നും റാണ പറഞ്ഞു. പ്രതിപക്ഷ നേതാവ് രാജീവ് കോശി, വി.എസ്.റാണ, വിൽസൺ നെടുവിള, ആർ.വിജയലക്ഷ്മി, ജോളി കെ.റെജി, തുളസിഭായി അമ്മ എന്നിവർ വിയോജനം രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com