പെരുമൺ ദുരന്തം: ഓർമകൾക്ക് 36 വയസ്സ്
Mail This Article
കൊല്ലം ∙ പെരുമൺ ട്രെയിൻ ദുരന്ത ഓർമകളുടെ ചൂളംവിളിക്ക് ഇന്ന് 36 വയസ്സ്. 1988 ജൂലൈ എട്ടിനായിരുന്നു ഐലൻഡ് എക്സ്പ്രസ് പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടി കായലിലേക്കു മറിഞ്ഞത്. യാത്രക്കാരും രക്ഷാപ്രവർത്തകരുമടക്കം 105 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. നൂറു കണക്കിനാളുകൾ ജീവിക്കുന്ന രക്തസാക്ഷികളായി. ദുരന്തത്തിനു കാരണം ചുഴലിക്കാറ്റെന്ന് (ടൊർണാഡോ) റെയിൽവേ അടിവരയിട്ട് ഉറപ്പിച്ചു. എങ്കിലും അങ്ങനെയൊരു കാറ്റ് വീശിയോ എന്ന ചോദ്യം ജനമനസ്സുകളിൽ ബാക്കിയായി. ദുരന്ത കാരണം കണ്ടെത്താൻ ഒട്ടേറെ പേർ അന്വേഷണത്തിന് എത്തി. കാരണങ്ങൾ പലതും കണ്ടെത്തിയെങ്കിലും ‘ടൊർണാഡോ’യെ കൂട്ടുപിടിച്ചായിരുന്നു റെയിൽവേയുടെ മറുപടി.
ഏറ്റവും ഒടുവിൽ ദുരന്ത കാരണം വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 2013ൽ തേവള്ളി സ്വദേശിയായ അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നു. കോടതി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ആ അന്വേഷണവും എങ്ങും എത്തിയില്ല. അപകടത്തിന്റെ കാരണം കണ്ടെത്താൻ കഴിയുന്നില്ലെന്നു കാണിച്ച് പൊലീസും 2019ൽ അന്വേഷണം അവസാനിപ്പിച്ചു. ദുരന്തത്തിന്റെ യഥാർഥ കാരണം എന്നെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷ മനസ്സിൽ പേറിയാണ് ഓരോ വാർഷികാചരണ ദിനത്തിലും അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും പരുക്കേറ്റവരും എത്തുന്നത്.
സ്മൃതി ദിനാചരണം
പെരുമൺ ട്രെയിൻ ദുരന്ത അനുസ്മരണ കമ്മിറ്റി സ്മൃതി ദിനാചരണം സംഘടിപ്പിക്കും. പെരുമൺ സ്മൃതി മണ്ഡപത്തിൽ രാവിലെ 8ന് നടക്കുന്ന അനുസ്മരണ സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. ഡോ.കെ.വി.ഷാജി അധ്യക്ഷത വഹിക്കും.
∙ പനയം പഞ്ചായത്ത് ഇന്ന് 9ന് പെരുമൺ പാലത്തിന് സമീപം അഷ്ടമുടിക്കായലിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ചേരുന്ന അനുസ്മരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.രാജശേഖരൻ ഉദ്ഘാടനം ചെയ്യും.