വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു; കുത്തേറ്റ പെയ്ന്റിങ് തൊഴിലാളി തീവ്രപരിചരണ വിഭാഗത്തിൽ
Mail This Article
പുത്തൂർ ∙ കൈതക്കോട് ക്ഷേത്ര ഉത്സവ സ്ഥലത്തിനു സമീപം 2 പേർ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ പെയ്ന്റിങ് തൊഴിലാളിക്കു കുത്തേറ്റു. കൈതക്കോട് വെട്ടിമൂട്ടിൽ വീട്ടിൽ സജികുമാറിന് (50) ആണു കുത്തേറ്റത്.കഴുത്തിനും വാരിയെല്ലിനും കയ്യിലുമായി 4 കുത്തേറ്റ സജിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.സജികുമാറിനെ കുത്തിയ ഇടവട്ടം തുരുത്തേൽമുക്ക് എസ്എസ് വില്ലയിൽ ഷാജിയെ (52) എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച അർധരാത്രിയോടെ ആയിരുന്നു സംഭവം.
കൈതക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഉത്സവ പരിപാടി കണ്ട ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന സജികുമാർ ക്ഷേത്രത്തിനു സമീപത്തെ പുരയിടത്തിൽ വച്ചു ഷാജിയെ കണ്ടതാണു സംഭവത്തിന്റെ തുടക്കം. ഇവർ തമ്മിൽ മുൻപേ നില നിന്ന ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ തർക്കമുണ്ടാകുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. തർക്കം മൂത്ത് കയ്യാങ്കളിയിൽ എത്തിയപ്പോൾ കയ്യിൽ കരുതിയ പേനക്കത്തി ഉപയോഗിച്ചു ഷാജി സജികുമാറിനെ കുത്തി. ആളുകൾ ഓടിക്കൂടി ആണ് ഇരുവരെയും പിടിച്ചു മാറ്റിയത്. സജികുമാറിനെ ഉടൻ ആശുപത്രിയിലേക്കു മാറ്റി.ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കെട്ടിടനിർമാണ കരാറുകാരനാണ്.