ബുക്ക് ചെയ്തത് സ്വിഫ്റ്റ്, അനുവദിച്ചത് സൂപ്പർ ഫാസ്റ്റ് ബസ്; ചോദ്യം ചെയ്ത യാത്രക്കാർക്കു നേരെ ജീവനക്കാരുടെ ഭീഷണി

Mail This Article
കൊല്ലം∙ യാത്രക്കാരോടു നീതി പുലർത്താതെ കെഎസ്ആർടിസി. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകാനായി തിരുവനന്തപുരത്തു നിന്നും കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ബുക്ക് ചെയ്ത കുടുംബത്തിന് അനുവദിച്ചത് സൂപ്പർ ഫാസ്റ്റ് ബസ്. ബസ് മാറിയതു ചോദ്യം ചെയ്ത യാത്രക്കാർക്കു നേരെ ജീവനക്കാരുടെ ഭീഷണി. ഒടുവിൽ 93 വയസ്സുള്ള വയോധികയ്ക്കും കുടംബത്തിനും രാത്രിയിൽ കൊല്ലത്തു യാത്ര അവസാനിപ്പിക്കേണ്ടി വന്നു. ഇന്നലെ രാത്രി 7.30 മുതലാണു സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരം കവടിയാർ സ്വദേശി സജീവും കുടുംബവുമാണ് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പോകാൻ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ബുക്ക് ചെയ്തത്.
രാത്രി 7.30ന് ഇവർ തമ്പാനൂർ ഡിപ്പോയിൽ എത്തി. സ്വിഫ്റ്റിലെ യാത്രക്കാർ വിശ്രമിക്കുന്ന സ്ഥലത്ത് ഇരുന്നിട്ടും ബസ് വരാത്തതിനെ തുടർന്ന് ഡിപ്പോ മാസ്റ്ററോടു പരാതിപ്പെട്ടു. ഉടൻ ബസ് വരുമെന്നായിരുന്നു മറുപടി. ഒടുവിൽ സിഫ്റ്റ് ബസിന് പകരം എത്തിയത് സൂപ്പർ ഫാസറ്റ് ബസ്. യാത്ര ആരംഭിച്ചതോടെ ബസിൽ യാത്രക്കാരുടെ എണ്ണം കൂടി. ഇതോടെ ഇവർ ബസ് ജീവനക്കാരോടു തർക്കിച്ചു. അപ്പോൾ ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന് വീട്ടുകാർ പറഞ്ഞു. കൊല്ലത്ത് എത്തിയപ്പോൾ സമയം 11 ആയി. സ്വിഫ്റ്റ് ബസിലെ ചാർജാണ് കുടുംബത്തിൽ നിനും ഈടാക്കിയത്. ബസ് ജീവനക്കാരുടെ സമീപനത്തിൽ പ്രതിഷേധിച്ചാണ് കുടുംബം കൊല്ലം ഡിപ്പോയിൽ ഇറങ്ങിയത്. ഒടുവിൽ ഇവർ സ്വകാര്യ വാഹനത്തിൽ യാത്ര തുടർന്നു. വീട്ടുകാർ ഗതാഗത മന്ത്രിക്കു പരാതി നൽകും.