ADVERTISEMENT

കൊട്ടിയം∙ ജംക്‌ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി 12 മുതൽ ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കി തുടങ്ങുമെന്ന് കൊട്ടിയം പൊലീസ്. പരീക്ഷണ അടിസ്ഥാനത്തിലാണ് ഗതാഗത പരിഷ്കാരങ്ങൾ നടത്തുക. പാലത്തിന്റെ മൂന്ന് സ്പാനുകളും തുറന്നു കിട്ടുന്നതിനാൽ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ ഒഴിവാക്കാനാകും. വിജയിച്ചാൽ പാലത്തിന് മുകളിലൂടെ ഗതാഗതം ആരംഭിക്കുന്നതു വരെ ഈ സംവിധാനം തുടരുമെന്ന് ഇൻസ്പെക്ടർ ജി.സുനിലും എസ്ഐ നിഥിൻ നളനും പറഞ്ഞു. 

സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കണം’
കൊല്ലം∙കണ്ണനല്ലൂർ–കൊല്ലം റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാൻ മോട്ടർ വാഹനവകുപ്പും പൊലീസും നടപടിയെടുക്കണമെന്ന് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം ശക്തം. മത്സര ഒ‍ാട്ടം മൂലം കൂടുതൽ ഭീഷണി ഉണ്ടാകുന്നത് ഇരുചക്ര യാത്രക്കാർക്കും കാൽനട യാത്രക്കാർക്കുമാണ്. കഴിഞ്ഞ ദിവസം രാവിലെ പുന്തലത്താഴം ജംക്‌ഷനിൽ ബസുകളുടെ മത്സര ഓട്ടത്തിൽ ഇരുചക്ര യാത്രക്കാരനായ യുവാവ് അപകടത്തിൽപ്പെട്ടെങ്കിലും പരുക്കേൽക്കാതെ  രക്ഷപ്പെട്ടു.  ട്രാഫിക് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടപ്പോൾ പരാതി സ്വീകരിച്ചില്ലെന്നാണ് യുവാവിന്റെ ആക്ഷേപം. ഗതാഗത മന്ത്രിക്ക് യുവാവു പരാതി നൽകി.

‌ബസുകൾ പാതിവഴിയിൽ  സർവീസ് ‌ നിർത്തുന്നതായി പരാതി
കൊട്ടിയം∙സ്വകാര്യ ബസുകൾ പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുന്നതായി പരാതി. കൊട്ടിയത്തു നിന്നും കാക്കോട്ട്മൂലയിലേക്കു സ്വകാര്യ ബസുകളാണ് പാതി വഴിയിൽ  സർവീസ് അവസാനിപ്പിക്കുന്നതായി പരാതി. 3 ബസുകൾക്കാണ് കാക്കോട്ട്മൂലയിലേക്ക് പെർമിറ്റ് അനുവദിച്ചിട്ടുള്ളത്.  കാക്കോട്ട്മൂല–തങ്കശ്ശേരി, കാക്കോട്ട്മൂല–മരുത്തടി, കാക്കോട്ട്മൂല–നീണ്ടകര ഭാഗത്തേക്കാണ് സർവീസുകൾ.

ഇതിൽ ഒരു ബസ് രാവിലെ മാത്രം സർവീസ് നടത്തും. മൂന്നു ബസുകളും രാവിലെയും വൈകിട്ടും എങ്കിലും സർവീസ് നടത്താൻതയാറാകണമെന്നാണു നാട്ടുകാരുടെ ആവശ്യം. ബസുകൾ തിരികെ പോകാനായി ഏറെ നേരം ജംക്‌ഷനിൽ നിർത്തിയിടുമ്പോൾ നിലവിലെ സാഹചര്യത്തിൽ കൊട്ടിയത്തെ ഗതാഗതക്കുരുക്കു രൂക്ഷമാക്കും. പ്രശ്നത്തിൽ മോട്ടർ വാഹന വകുപ്പ് ഇടപെടണമെന്നാണു നാട്ടുകാരുടെ ആവശ്യം.

പരിഷ്കാരങ്ങൾ ഇങ്ങനെ:
∙കൊട്ടിയത്തു നിന്നും കൊല്ലത്തേക്കു പോകുന്ന ബസുകൾ ഇന്ന് മുതൽ സർവീസ് റോഡിൽ മയ്യനാട്– ഹോളിക്രോസ് ആശുപത്രി റോഡിന് ഇ‍ടയിൽ പാലത്തിനു സമാന്തരമായി നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യും. 
∙ദേശീയ പാത വഴി സർവീസ് നടത്തുന്ന സിറ്റി പെർമിറ്റ് ബസുകൾ പാലത്തിന്റെ രണ്ടാമത്തെ സ്പാനിന് അടിയിൽ പാർക്ക് ചെയ്യും. ഇവിടെ നിന്നും യാത്രക്കാരെ കയറ്റാനും അനുവദിക്കും. 
∙ഒന്നാമത്തെ സ്പാൻ(പടിഞ്ഞാറ് ഭാഗം) വഴി മയ്യനാട് ഭാഗത്തു നിന്നും വരുന്ന ബസുകൾ കണ്ണനല്ലൂർ റോഡിലേക്കോ മൂന്നാമത്തെ സ്പാൻ(കിഴക്ക് ഭാഗം) ചുറ്റി തിരിച്ച് സർവീസ് റോഡിൽ പ്രവേശിച്ച് മയ്യനാട് റോഡിലേക്കു തിരികെ പോകാം.
∙കണ്ണനല്ലൂർ റോഡിൽ നിന്നും വരുന്ന സ്വകാര്യ ബസുകൾ മൂന്നാമത്തെ സ്പാൻ വഴി ഹോളിക്രോസ് റോഡിലേക്കു പോകുകയോ ഒന്നാം സ്പാൻ വഴി തിരികെ കണ്ണനല്ലൂർ റോഡിലേക്കു പ്രവേശിക്കുകയോ ചെയ്യാം.
∙മൂന്നാമത്തെ സ്പാനിന് കീഴിൽ ഒ‍ാട്ടോറിക്ഷകൾക്കും സ്വകാര്യ ബസുകൾക്കും മാത്രമേ പാർക്കിങ് അനുവദിക്കുകയുള്ളു.
∙ കൊട്ടിയം ജംക്‌ഷനിൽ നിർബന്ധമായും എത്തേണ്ട ആവശ്യമില്ലാത്തതും കൊല്ലം ഭാഗത്തേക്കു പോകേണ്ട ഇരുചക്ര, മുച്ചക്ര, കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ മൈലക്കാട് കയറ്റം കയറി ഇടതു തിരിഞ്ഞ് കിംഗ്സ് സ്കൂൾ സമീപം ഹോളിക്രോസ് റോഡിലൂടെ ചൂരൽപൊയ്ക റോഡിലൂടെ ഗുരുമന്ദിരം ജംക്‌ഷൻ കടന്ന് ഉമയനല്ലൂർ ക്ഷേത്രം വഴി ദേശീയ പാതയിൽ പ്രവേശിക്കാം.
∙കൊല്ലത്തു നിന്നും ചാത്തന്നൂരിലേക്കു പോകേണ്ട വാഹനങ്ങൾ കുരുക്കിൽപ്പെടുന്ന സാഹചര്യം ഉണ്ടായാൽ ഉമയനല്ലൂർ ജംക്‌ഷൻ തിരിഞ്ഞ് മൈലാപ്പൂര് വഴി ‌കണ്ണനല്ലൂർ റോഡിലെത്തി തഴുത്തല വഴി മൈലക്കാട് എത്തി ദേശീയ പാതയിൽ പ്രവേശിക്കണം.
∙കരാർ കമ്പനിയും പൊലീസും പഞ്ചായത്തും വാഹനങ്ങൾ കടന്നു പോകാനുള്ള ബോർഡുകളും സ്ഥാപിക്കും.
∙പാലത്തിന് അടിയിൽ അനുവദിക്കപ്പെട്ട വാഹനങ്ങൾ അല്ലാതെ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്താൽ പിഴ ഈടാക്കും.

English Summary:

Kottiyam Junction traffic reforms aim to alleviate congestion. New rules for bus stops and vehicle routes are in place, along with efforts to curb reckless private bus driving and ensure complete bus services.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com