മരണം മുന്നിൽ നിൽക്കുമ്പോഴും രോഗത്തെ പേടിച്ചില്ല; തിരക്കിനിടെ അന്ത്യം

Mail This Article
കൊല്ലം ∙ മരണം മുന്നിൽ നിൽക്കുമ്പോഴും ഒരു ഭയവും ഇല്ലാതെ അവസാന കാലം വരെ പ്രവർത്തന മണ്ഡലത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ഡോ.ശൂരനാട് രാജശേഖരൻ. കൊച്ചി അമൃത ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കിടക്കുമ്പോഴാണ് ഡോക്ടറുടെ നിർദേശം അവഗണിച്ചു തന്റെ അവസാന ലേഖനം വീക്ഷണത്തിനു ഫോണിലൂടെ പറഞ്ഞു കൊടുത്തത്. വീക്ഷണം ദിനപത്രത്തിലെ പ്രതിവാര പംക്തിയിൽ മറ്റന്നാൾ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടിയായിരുന്നു, എം.എ.ബേബി സിപിഎം ജനറൽ സെക്രട്ടറിയായതു സംബന്ധിച്ച ലേഖനം. ഫോണിലൂടെയുള്ള വർത്തമാനം അവസാനിച്ചപ്പോഴേക്കും തൊണ്ടയിൽ രക്തം വാർന്നു തുടങ്ങിയിരുന്നു. ഫെബ്രുവരിയിൽ കോഴിക്കോട്ട് വീക്ഷണം പത്രത്തിന്റെ 49–ാം വാർഷികത്തിൽ പങ്കെടുക്കാൻ പോകുമ്പോഴും രോഗം തീവ്രമായിരുന്നു. വീക്ഷണം കൊല്ലം റസിഡന്റ് എഡിറ്റർ എസ്.സുധീശനും ശൂരനാടും ഒരുമിച്ചായിരുന്നു യാത്രയും താമസവും. ഈ യാത്രയിലാണ് തന്റെ അന്ത്യയാത്ര എങ്ങനെയായിരിക്കണമെന്നു സുധീശനോടു പറഞ്ഞത്. കോഴിക്കോട് എത്തിയപ്പോൾ ബ്ലേഡ് കൊണ്ടു കൈമുറിഞ്ഞു. രക്തമൊഴുക്കു നിൽക്കാതായപ്പോൾ ആശുപത്രിയിൽ പോയി.
ആഴ്ചയിൽ 3 തവണ ഡയാലിസിസ് ചെയ്യുന്നുണ്ടെന്നും ആ ആഴ്ച ഒരു ഡയാലിസിസ് ഒഴിവാക്കിയാണു കോഴിക്കോട്ട് എത്തിയതെന്നും ഡോക്ടറോടു പറഞ്ഞപ്പോഴാണു രോഗത്തിന്റെ കാഠിന്യം വ്യക്തമായത്. എന്നിട്ടും വാർഷികാഘോഷത്തിൽ 30 മിനിറ്റിലേറെ അദ്ദേഹം പ്രസംഗിച്ചു. പിന്നെ ഹോട്ടൽമുറിയിലേക്ക്. പുലർച്ചെ 3 നു സുധീശനെ വിളിച്ചുണർത്തി ശ്വാസതടസ്സമുണ്ടെന്നും ആശുപത്രിയിൽ പോകണമെന്നും പറഞ്ഞു. ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ കിടക്കാൻ വിസമ്മതിച്ചു. എറണാകുളത്തു നിന്നു മകനെ വിളിച്ചു വരുത്തി വീട്ടിലേക്കു മടങ്ങി. നേരത്തെ, രോഗം കലശലായപ്പോൾ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ കൊണ്ടുപോകുന്നതിന് ആംബുലൻസ് വരുത്തിയെങ്കിലും അതിൽ കയറാൻ തയാറാകാതിരുന്നതും സഹപ്രവർത്തകർ ഓർക്കുന്നു. പകരം കാറിലായിരുന്നു യാത്ര.