കറുത്ത പൊടി പോലെ, പക്ഷേ ശല്യമായി കുഞ്ഞൻ വണ്ട്; കൂട്ടമായി പെരുകുന്നു,പൊറുതിമുട്ടി ജനം
Mail This Article
പാമ്പാടി ∙ മേഖലയിൽ കുഞ്ഞൻ വണ്ടുകളുടെ ശല്യം കാരണം നാട്ടുകാർ ബുദ്ധിമുട്ടുന്നു. സ്പ്രിങ് ടെയ്ൽസ് എന്ന് വിളിക്കുന്ന പ്രാണികളെപ്പോലുള്ള ജന്തുക്കളാണ് ഇവയെന്നു വെള്ളൂർ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കളോജിക്കൽ സയൻസിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ചപ്പുചവറുകൾ നനവോടെയുള്ള ഇടങ്ങളിൽ കൂടുതലായി കാണുന്നു. കൂടാതെ കുളങ്ങൾ, ചെറുതോടുകൾ, മീൻ വളർത്തുകുളങ്ങൾ, ഒഴുക്കില്ലാത്ത വെള്ളം എന്നിവിടങ്ങളിലും കൂട്ടമായി പെരുകുന്നു. വീടുകളിൽ ഈർപ്പമുള്ള അടുക്കള, കുളിമുറി, ഇൻഡോർ ചെടികൾ എന്നിവിടങ്ങളിലും ഇവയെ കാണാം.
ഒരു ഇഞ്ചിന്റെ പതിനാറിൽ ഒന്നു മാത്രം വലുപ്പമുള്ള, കറുത്ത പൊടി പോലെ മാത്രം തോന്നുംവിധം ചെറുതാണ് ഇവയെന്നു ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ വേങ്കടത്ത് പറഞ്ഞു. വിളകൾക്കും ജന്തുകൾക്കും നാശമുണ്ടാക്കുന്നതായോ ഏതെങ്കിലും രോഗം പരത്തുന്നതായോ ഇതുവരെ കണ്ടെത്തിയിട്ടില്ല. നശിപ്പിക്കാൻ രാസ കീടനാശിനികളോ ജൈവ കീടനാശിനികളോ പ്രയോഗിക്കേണ്ട ആവശ്യമില്ല. വാക്വം ക്ലീനർ ഉപയോഗിച്ചാൽ തന്നെ ഇവ ചാകും. കൊതുകുതിരി കത്തിച്ചാൽത്തന്നെ കുറച്ചു പുറത്തേക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു.