മൈലാടിയിൽ ഈന്തപ്പന കായ്ച്ചു; മധുരം തേടി ഒട്ടേറെ പേർ

Mail This Article
മൈലാടി ∙ കൗതുകക്കാഴ്ചയായി ഈന്തപ്പന കായ്ച്ചു. കായകൾ പഴുത്തതോടെ കാഴ്ചക്കാരുടെ എണ്ണവും കൂടി. മൈലാടിയിലെ ഐറാസ് സ്പോർട്സ് ഹബ്ബിലെ 15 പനകളിലൊന്നാണ് കായ്ച്ചു പഴുത്തത്. ദിവസം 10ന് മുകളിൽ പഴം ലഭിക്കുന്നുണ്ടെന്ന് സ്പോർട്സ് ഹബ് ഉടമ മുഹമ്മദ് അൻസർ പറയുന്നു.
3 വർഷം മുൻപ് 4 ഈന്തപ്പന ബെംഗളൂരുവിലെ ഫാമിൽ നിന്നാണ് കൊണ്ടു വന്ന് നട്ടത്. കഴിഞ്ഞ വർഷം 11 കൂടി നട്ടു. കഴിഞ്ഞ വർഷങ്ങളിൽ പൂവിടാറുണ്ടെങ്കിലും കൊഴിഞ്ഞു പോകുകയാണ് പതിവ്. ഇത്തവണ ഒരു പനയിൽ ഒരു കുലയാണ് കായ്ച്ചത്. നല്ല മധുരമുള്ള പഴം കഴിക്കാൻ നിരവധി പേരെത്തുന്നുണ്ട്.
നാട്ടിൽ പലയിടത്തും ഈന്തപ്പന ഉണ്ടെങ്കിലും കായ്ഫലം ലഭിക്കുന്നത് അപൂർവമാണ്. ഹബ്ബിലെ ജീവനക്കാരാണ് പനകളെ പരിപാലിക്കുന്നത്. ഈന്തപ്പനകളുടെ പരിപാലനം മഴ കൂടുതലുള്ള സ്ഥലമായതിനാൽ ഏറെ ശ്രമകരമാണെന്ന് പ്രവാസിയായ മുഹമ്മദ് അൻസർ പറയുന്നു.