തോട്ടിൽ ഇറങ്ങിയാൽ കടി ഉറപ്പ്, നാട്ടുകാർക്ക് പേടി; മീൻവളർത്തുകാർക്കും ഭീഷണിയായി നീർന്നായകൾ

Mail This Article
തിരുവാർപ്പ് ∙ മീൻചിറ ഭാഗത്ത് നീർന്നായയുടെ കടിയേറ്റ് 2 പേർക്കു പരുക്ക്. മൂരിപ്പാറം – വെട്ടിക്കാട്ട് തോട്ടുകടവിൽ തുണി അലക്കുകയായിരുന്ന 54–ൽചിറ സുജ(59), തോട്ടിൽ കുളിക്കുകയായിരുന്ന വല്യപാടം സുദർശനൻ(63) എന്നിവർക്കാണു പരുക്കേറ്റത്. സുജയ്ക്കു വ്യാഴാഴ്ച ഉച്ചയ്ക്കും സുദർശനന് ഇന്നലെ ഉച്ചയ്ക്കുമാണ് കടിയേറ്റത്. കാലിന്റെ ഉപ്പൂറ്റിക്കാണ് ഇരുവർക്കും കടിയേറ്റത്. ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
വെള്ളപ്പൊക്ക സമയത്താണു നീർന്നായയുടെ ശല്യം ഉണ്ടാകാറുള്ളത്. തോടുകളിൽ വെള്ളം കുറവുള്ള സമയത്തും ഇവയുടെ ശല്യമായതോടെ നാട്ടുകാർ ഭീതിയിലാണ്.
ഈ ഭാഗത്തുള്ളവർ തോടുകളിൽ കുളിക്കുകയും വീടിനു സമീപത്തെ കടവിൽനിന്നു തുണി അലക്കുകയുമാണു പതിവ്. 2 പേരെ നീർന്നായ ആക്രമിച്ചതോടെ തോട്ടിൽ ഇറങ്ങാൻ ഭയപ്പെടുകയാണ് നാട്ടുകാർ. മീൻവളർത്തുകാർക്കു ഭീഷണിയാണു നീർന്നായകൾ. മത്സ്യം വളർത്തുന്ന കുളങ്ങളിലും പാടങ്ങളിലും ഇവ മത്സ്യം തിന്നുതീർക്കും.