തിരുനക്കര ബസ് സ്റ്റാൻഡ് അടച്ചു; ഗതാഗതക്കുരുക്ക്

Mail This Article
കോട്ടയം ∙ നഗരസഭാ നോട്ടിസ് പ്രകാരം ബസ് സ്റ്റാൻഡ് അടച്ചു. തിരുനക്കരയ്ക്കു ചുറ്റും ഗതാഗതക്കുരുക്ക്. ഇതേസമയം ബസ് ബേയും സ്റ്റാൻഡിനുള്ളിലെ മറ്റു പ്രദേശങ്ങളും ഒറ്റപ്പെട്ടു. ഇവിടേക്കു വാഹനങ്ങൾ കയറാതിക്കാൻ കയർകെട്ടി തിരിച്ചിട്ടുണ്ട്. ചെറിയ വാഹനങ്ങളും കയറാൻ പറ്റാത്ത വിധം സുരക്ഷ ഒരുക്കി. ഓണം നാളുകൾ അടുത്തതോടെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യാൻ കലക്ടർ അടിയന്തര യോഗം വിളിച്ചു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണെങ്കിലും കൂടിയാലോചിക്കാതെയാണ് സ്റ്റാൻഡ് പൂട്ടിയതെന്നാരോപിച്ച് ബസ്– ടാക്സി തൊഴിലാളികൾ നഗരസഭയിലെത്തി പ്രതിഷേധിച്ചു. ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റാൻഡ് പൂട്ടുന്നതിൽ മോട്ടർ തൊഴിലാളി യൂണിയനുകൾ എതിരല്ല. പക്ഷേ, പകരം സംവിധാനം ഏർപ്പെടുത്തുന്നതിൽ ചർച്ച വേണമെന്നാണ് യൂണിയനുകളുടെ നിലപാട്. ടാക്സി സ്റ്റാൻഡ് താൽക്കാലികമായി പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തേക്കാണ് മാറ്റിയത്. കലക്ടർ ഇന്നു വിളിച്ചു ചേർത്ത യോഗത്തിലും യൂണിയൻ പ്രതിനിധികളെ ക്ഷണിച്ചിട്ടില്ല.
നഗരസഭാധ്യക്ഷ, ആർടിഒ, നഗരസഭ സെക്രട്ടറി, ട്രാഫിക് എസ്ഐ, നഗരസഭ എൻജിനീയറിങ് വിഭാഗം എന്നിവരെയാണ് നോട്ടിസ് നൽകി ക്ഷണിച്ചിട്ടുള്ളത്. ഇന്നു 11നു കലക്ടറുടെ ചേംബറിലാണ് യോഗം. ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് നഗരസഭ എൻജിനീയറിങ്, റവന്യു, ഹെൽത്ത് വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധന റിപ്പോർട്ടും ചർച്ച ചെയ്യും. കെട്ടിടം പൊളിക്കുന്നതിനുള്ള മാർഗരേഖ ചർച്ച ചെയ്യും. തിരക്കേറിയ നഗരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധത്തിലാകണം തുടർനടപടികളെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.