ഗണപതി ഹോമത്തിന് സൂര്യൻ വിളക്കു കൊളുത്തുന്ന മന; ഐതിഹ്യങ്ങളുടെ മന–സ്സാക്ഷി!

Mail This Article
മൺപാത കടന്നുചെല്ലുന്നതു വെള്ളാരം കല്ലുനിറഞ്ഞ മുറ്റത്തേക്കാണ്. അവിടെ നിന്നാൽ കവണാറിന്റെ ഗ്രന്ഥികളിൽ മിത്തുകളുടെ തുടിപ്പുകൾ അറിയാം. തടിയിൽ തീർത്ത മനയുടെ പ്രൗഢിക്കു പിന്നിൽ തലയുയർത്തി നിൽക്കുന്നു യക്ഷിപ്പാലയും മഹാഗണിയും. പിന്നെ നക്ഷത്ര വനവും. ഇവിടെ ഗണപതിഹോമത്തിനു തിരിതെളിക്കുന്നതു സൂര്യനാണെന്നാണ് വിശ്വസം. തപസ്സിൽ സന്തുഷ്ടനായി സൂര്യഭഗവാൻ പ്രത്യക്ഷപ്പെട്ട് മന്ത്ര, തന്ത്രങ്ങളുടെ താളിയോലകൾ ഭട്ടതിരിപ്പാടിനു കൈമാറിയെന്നും അന്നു മുതൽ മനയിലെ പുരുഷന്മാരുടെ പേരിനൊപ്പം ‘സൂര്യൻ’ എന്നു ചേർത്തു തുടങ്ങിയെന്നും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പറയുന്നു.
അച്‌ഛനെ ചതിച്ചുകൊന്ന യക്ഷിയോടു പകരം ചോദിച്ച മകന്റെ കഥയാണ് അത്. ആ കഥയിങ്ങനെ: കാലടി ഭട്ടതിരിയും സുഹൃത്തായ നമ്പൂതിരിയും ചേർന്ന് തൃശൂർ പൂരം കാണാൻ പോയി. ഇരിങ്ങാലക്കുടയിൽ എത്തിയപ്പോൾത്തന്നെ നേരം ഇരുട്ടി. വഴിയരികിൽ സുന്ദരികളായ രണ്ടു സ്ത്രീകളെ കണ്ടു. രാത്രിയിൽ ആരും ഇതുവഴി യാത്ര ചെയ്യാറില്ല. തങ്ങളുടെ വീട്ടിൽ രാത്രി ചെലവിട്ടിട്ട് പോകാമെന്നായി അവർ.
യക്ഷിപ്പറമ്പിനടുത്തു കൂടെ പോകാനുളള ഭയം കാരണം ഭട്ടതിരിയും നമ്പൂതിരിയും സുന്ദരികളുടെ ക്ഷണം സ്വീകരിച്ചു. അവർ വേഷം മാറിയ യക്ഷികളായിരുന്നു എന്ന് രണ്ടാളും അറിഞ്ഞില്ല. ഭട്ടതിരിയെ യക്ഷി കൊന്നുതിന്നു എന്നും കൈയിൽ ദേവീമഹാത്മ്യം കരുതിയിരുന്നതിനാൽ നമ്പൂതിരിയെ ഉപദ്രവിക്കാൻ കഴിഞ്ഞില്ലെന്നും ഐതിഹ്യം. ഭാര്യ ഗർഭിണിയായിരിക്കെയായിരുന്നു ഭട്ടതിരിയുടെ മരണം. അമ്മയിൽനിന്ന് അച്ഛന്റെ കഥ കേട്ട ആ കുട്ടി സൂര്യനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി അച്ഛനെ കൊന്ന യക്ഷിയെ കൊല്ലുന്നതിനുള്ള വരം നേടി. അദ്ദേഹം എല്ലാ യക്ഷികളെയും മനയിലേക്ക് ആവാഹിച്ച് വരുത്തി. പൊന്നും വിളക്കും പിടിപ്പിച്ച് അവരെക്കൊണ്ട് സത്യം ചെയ്യിച്ച് വിട്ടയച്ചു. അച്‌ഛനെ കൊന്ന യക്ഷിയെ മാത്രം തീയിൽ ഹോമിച്ചു. ഇതോടെ സൂര്യകാലടി മന താന്ത്രിക ആചാര്യന്മാരുടെ ചരിത്രത്തിലേക്ക് സ്ഥാനം പിടിച്ചു.
യാഥാർഥ്യവും കാൽപനികതയും നിറഞ്ഞ കഥകൾ തലമുറകൾ കൈമാറി. ഒരു മന്ത്രവാദ ഗ്രന്ഥമാണ് തലമുറകൾക്ക് കൈമാറി ലഭിച്ചത്. ഇതോടെ മന്ത്രവാദിയെന്ന നിലയിൽ മനയിലെ ഭട്ടതിരിമാർ പ്രസിദ്ധിയാർജിച്ചു. അങ്ങനെ ഹോമകുണ്ഡം അണയാത്ത മനയെന്ന ഖ്യാതിയും ലഭിച്ചു. യക്ഷികളെ ഒഴിപ്പിച്ചിരുന്നത് മനയുടെ വളപ്പിൽ തന്നെയുള്ള യക്ഷിപ്പാലയിലേക്കായിരുന്നു. നൂറ്റാണ്ടുകളുടെ പഴമയെ ഓർമിച്ച് ഒരു പാലമരം മനയെക്കാൾ ഉയർന്ന് കിഴക്കേപ്പറമ്പിൽ വളർന്നു പന്തലിച്ച് വള്ളിപ്പടർപ്പുകൾ മൂടിനിൽപുണ്ട്.
പൂർണമായും തേക്കിൽ തീർത്ത നാലുകെട്ടാണ് മന. നടുമുറ്റത്തിനു ചുറ്റും തെക്കിനി, കിഴക്കിനി, വടക്കിനി, പടിഞ്ഞാറ്റിനി എന്നിങ്ങനെയുള്ള കെട്ടുകൾ ചേർന്നതാണ് നാലുകെട്ട്. കിഴക്കിനിയിലാണ് തേവാരമൂർത്തിയായ ഗണപതി. ആദ്യകാലത്ത് മന പൊന്നാനി താലൂക്കിലായിരുന്നെന്നും ചരിത്ര രേഖകളിൽ പറയുന്നു. മറ്റു ഗണപതി ഹോമത്തിൽ നിന്നു വ്യത്യസ്തമാണ് ഇവിടുത്തെ പൂജ. സൂര്യോദയത്തിനു ശേഷമാണ് ഗണപതി ഹോമം. സൂര്യകാലടിയിലെ ഗണപതി ഹോമത്തിനു സൂര്യൻ തിരി തെളിക്കുന്നുവെന്നു പറയാൻ കാരണം അതാണ്. ഇപ്പോൾ തറവാട്ടിൽ താമസിക്കുന്നത് കാരണവർ തന്ത്രിസൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടാണ്. മനയുടെ കാലപ്പഴക്കത്തെക്കുറിച്ച് ചോദിക്കുന്നവർക്ക്, സ്വാതി തിരുനാൾ മഹാരാജാവാണ് സൂര്യകാലടിമന പണികഴിപ്പിച്ചതെന്ന ചരിത്രത്താളുകളാണ് സാക്ഷ്യം.