കാട്ടിക്കുന്നുതുരുത്ത് നിവാസികൾക്ക് സ്വപ്നസാഫല്യം; പാലം നിർമാണം യാഥാർഥ്യം
![3-bridge ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്നുതുരുത്ത് പാലം.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kottayam/images/2024/2/25/3-bridge.jpg?w=1120&h=583)
Mail This Article
വൈക്കം ∙ കാട്ടിക്കുന്നുതുരുത്ത് നിവാസികളുടെ സ്വപ്നം പൂവണിഞ്ഞു. പാലം നിർമാണം യാഥാർഥ്യമായി. തുരുത്ത് നിവാസികൾക്ക് വള്ളം മാത്രമായിരുന്നു പുറംലോകവുമായി ബന്ധപ്പെടാൻ ഏക ആശ്രയം. നിലവിലെ പഞ്ചായത്തംഗം ചമയം ശശിയുടെ നേതൃത്വത്തിൽ തുരുത്ത് നിവാസികൾ പതിറ്റാണ്ടുകളായി പാലത്തിനായി പോരാട്ടം തുടങ്ങിയിട്ട്. അപ്രോച്ച് റോഡിന്റെ ഒരുവശത്തെ മതിൽ പൊളിച്ചു നീക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഇതു പൂർത്തീകരിച്ച് മതിൽ നീക്കംചെയ്താൽ ഏറ്റവും അടുത്ത ദിവസം പാലം ഔദ്യോഗിക ഉദ്ഘാടനം നടത്തി പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാൻ കഴിയുമെന്ന് സി.കെ.ആശ എംഎൽഎ പറഞ്ഞു.
പാലത്തിൽ ടാറിങ് ജോലി ഉൾപ്പെടെ പൂർത്തീകരിച്ചു. പെയിന്റിങ് ജോലി അവസാന ഘട്ടത്തിലാണ്. മുറിഞ്ഞപുഴയ്ക്കു കുറുകെ 114.6-മീറ്റർ നീളത്തിലും 6.50മീറ്റർ വീതിയിൽ 7സ്പാനുകളോടുകൂടി പൊതുമരാമത്തുവകുപ്പ് 8.60 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്. ചെമ്പ് പഞ്ചായത്തിലെ 15–ാം വാർഡിൽ 300-ഏക്കറുള്ള കാട്ടിക്കുന്ന് തുരുത്തിൽ 138 കുടുംബങ്ങളാണ് കഴിയുന്നത്. ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കടത്തുവള്ളം മാത്രമായിരുന്നു ആശ്രയം. അതിനാൽതന്നെ കാലത്തിനനുസരിച്ചുള്ള ഒരു വികസനവും ഇവിടെ ഉണ്ടായിട്ടില്ല. ഒരു കട പോലും തുരുത്തിൽ ഇല്ല. പാലം യാഥാർഥ്യമായതോടെ തുരുത്ത് നിവാസികളും ഏറെ ആഹ്ലാദത്തിലാണ്. 2022 ഏപ്രിലിൽ മന്ത്രി മുഹമ്മദ് റിയാസാണു പാലത്തിന്റെ നിർമാണോദ്ഘാടനം നടത്തിയത്.