ചെമ്പിൽ അരയൻ ട്രോഫി താണിയന്
![vaikom-boat-race ചെമ്പിൽ അരയൻ ജലോത്സവത്തിൽ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ ചാത്തേടം ക്രിസ്തുരാജ് ബോട്ട് ക്ലബ് തുഴഞ്ഞ താണിയൻ ആദ്യം ഫിനിഷ് ചെയ്തപ്പോൾ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kottayam/images/2025/1/20/vaikom-boat-race.jpg?w=1120&h=583)
Mail This Article
വൈക്കം ∙ ചെമ്പിൽ അരയൻ ജലോത്സവത്തിൽ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ ചാത്തേടം ക്രിസ്തുരാജ് ബോട്ട് ക്ലബ് തുഴഞ്ഞ താണിയന് ചെമ്പിൽ അരയൻ ട്രോഫി. ടിബിസി തുരുത്തിപ്പുറം ബോട്ട് ക്ലബ് തുഴഞ്ഞ തുരുത്തിപ്പുറം രണ്ടാം സ്ഥാനവും സ്വന്തമാക്കി. ഫൈനൽ മത്സരത്തിൽ രണ്ട് വള്ളങ്ങൾ മാത്രമാണ് മാറ്റുരച്ചത്. ഇരുട്ടുകുത്തി ബി ഗ്രേഡ് മത്സരത്തിൽ ഒന്നാം സ്ഥാനം മടപ്ലാ തുരുത്തും രണ്ടാം സ്ഥാനം മയിൽപ്പീലിയും സ്വന്തമാക്കി.
![chemp-boat-race ചെമ്പിൽ അരയൻ ജലോത്സവം സി.കെ.ആശ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. ഫ്രാൻസിസ് ജോർജ് എംപി സമീപം.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kottayam/images/2025/1/20/chemp-boat-race.jpg)
ചെമ്പ് പഞ്ചായത്ത്, ചെമ്പിൽ അരയൻ ബോട്ട് ക്ലബ്, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ, എന്നിവരുടെ നേതൃത്വത്തിലാണ് വള്ളംകളി മത്സരം സംഘടിപ്പിച്ചത്. ചെറു വള്ളങ്ങളിലും ബോട്ടുകളിലും മുറിഞ്ഞപുഴ പാലത്തിലുമായി ആയിരക്കണക്കിന് ആളുകൾ വള്ളംകളി കാണാനായി തടിച്ചുകൂടി. കരയിലും വെള്ളത്തിലും ശക്തമായ സുരക്ഷയൊരുക്കി പൊലീസും അഗ്നിരക്ഷാ സേനയും ഉണ്ടായിരുന്നു. കൂടാതെ പ്രത്യേക പരിശീലനം നേടിയ റെസ്ക്യൂ ടീമും രംഗത്തുണ്ടായിരുന്നു.
ഇന്നലെ രാവിലെ മുതൽ ചെറിയ തോതിൽ ചാറ്റൽ മഴ അനുഭവപ്പെട്ടെങ്കിലും ഉച്ചയോടെ മഴ മാറിയത് കാണികൾക്ക് അനുഗ്രഹമായി.സി.കെ.ആശ എംഎൽഎ വള്ളംകളി ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എംപി ഫ്ലാഗ്് ഓഫ് ചെയ്തു. ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, ബോട്ട് ക്ലബ് പ്രസിഡന്റ് എസ്.ഡി.സുരേഷ്ബാബു, ജനറൽ കൺവീനർ കെ.കെ.രമേശൻ, ട്രഷറർ കെ.എസ്.രത്‌നാകരൻ, ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സി.ഇ.ഒ. കെ.രൂപേഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്.പുഷ്പമണി, ചീഫ് കോ ഓർഡിനേറ്റർ കുമ്മനം അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്ക് ട്രോഫികളും വിതരണം ചെയ്തു.